മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ 'മോണ്‍സ്റ്ററി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. 55 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് എഡിറ്റര്‍ ഷഫീഖ് വി ബി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.
പുലിമുരുകന് ശേഷം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. തെലുങ്ക് നടന് മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ലക്കിസിങ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണിത്.
നവംബര്‍ 10നാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മോണ്‍സ്റ്ററില്‍ പുലിമുരുകന് ടീം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും.






