
ലോകത്തിലെ ആദ്യ എനര്‍ജി ഐലന്‍ഡ് അഥവാ ഊര്‍ജ ദ്വീപിന് രൂപം നല്‍കാനൊരുങ്ങുകയാണ് ഡെന്മാര്ക്ക്. കൃത്രിമമായ നിര്‍മിക്കുന്ന ദ്വീപിലുടെ പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക.
2030 ഓടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് അകലെയുള്ള ദ്വീപിലെ കാറ്റാടിയന്ത്രങ്ങളുടെ സഹായത്തോടെ ആദ്യം മൂന്ന് ദശലക്ഷം വീടുകള്‍ക്കും പിന്നീട് പത്ത് ദശലക്ഷം വീടുകള്ക്കുമാവശ്യമായ വൈദ്യുതി എത്തിക്കാനാണ് പദ്ധതി. ഭൂമിക്കും പരിസ്ഥിതിക്കും വിനാശകരമായ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ദുരന്തങ്ങളെ തടയാന്‍ പദ്ധതിക്ക് കഴിയും.
2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള പ്രതിജ്ഞ കഴിഞ്ഞ വര്‍ഷം രാജ്യം എടുത്തിരുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 70 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. 2020 അവസാനത്തോടെ ഡെന്മാര്ക്ക് വടക്കന്‍ സമുദ്ര പ്രദേശത്ത് എണ്ണ, വാതക പര്യവേഷണ പരിപാടികള്‍ക്ക് അന്ത്യം കുറിച്ചിരുന്നു. ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ഭൂമിക്ക് കൈത്താങ്ങാനാകാനായി അവസാനിപ്പിച്ചത്.
നൂറ് കണക്കിന് കാറ്റാടിയന്ത്രങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പിന്നീട് വന്‍കരയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കടല്‍ത്തീരത്ത് നിന്ന് അകലെയായതിനാല്‍ വളരെ ഉയരത്തില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. 850 മീറ്ററാണ് ഒരു കാറ്റാടി യന്ത്രത്തിന്റെ ഉയരം. അതായത് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മൂന്നിരിട്ടി വലുപ്പം. ജുട്ട്ലാന്‍ഡ് പെനിന്‍സുലയില്‍ നിന്ന് 50 മൈല്‍ അകലെയാണ് ദ്വീപിന്റെ നിര്‍മാണമെങ്കിലും കൃത്യമായ സ്ഥാനം നിര്‍ണയിച്ചിട്ടില്ല. 2026 ഓടെയായിരിക്കും ദ്വീപിന്റെ നിര്‍മാണം തുടങ്ങുക. ഇത് പദ്ധതി സമുദ്ര ജീവികളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനുള്ള സമയവും നല്‍കും.






