ബെംഗളൂരു: വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ബുധനാഴ്ച കാണാതായ ആറു പെണ്‍കുട്ടികളില്‍ ഒരാളെ ബെംഗളൂരു പോലീസ് പിടികൂടി. ബെംഗളൂരുവിലെ മടിവാളയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ആറ് പെൺകുട്ടികളായിരുന്നു ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായി. ഇവർ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടയിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഈ യുവാക്കള്‍ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് മുറി ബുക്കുചെയ്യാനൊരുങ്ങി. കുറച്ച് സന്ദര്‍ശകരുണ്ടാകുമെന്നും അറിയിച്ചു. അധികം താമസിയാതെ ആറു പെണ്‍കുട്ടികള്‍ ലോബിയിലേക്ക് കയറിവന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാര്‍ക്ക് സംശയംതോന്നി. കേരളത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് നേരത്തേ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഹോട്ടലുകാര്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. അതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ മഡിവാള പോലീസിനെയും കെ.എം.സി.സി, എം.എം.എ. പ്രവര്‍ത്തകരെയും വിവരമറിയിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരന് ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേര്‍ സമീപത്തെ മതില്‍ചാടി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നു പറഞ്ഞാണ് പെണ്‍കുട്ടികള്‍ സഹായം തേടിയതെന്നാണ് യുവാക്കള്‍ അറിയിച്ചത്.
പെണ്‍കുട്ടികള്‍ ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചതോടെ ചേവായൂര്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കേരള പോലീസിന് കൈമാറും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചില്‍ഡ്രന്‍സ് ഹോം വിട്ടിറങ്ങിയത്. അടുക്കളഭാഗംവഴി സമീപത്തുണ്ടായിരുന്ന കോണി ഉപയോഗിച്ച് പാരപ്പറ്റിലേക്ക് കയറി പിറകുവശം വഴിയാണ് കുട്ടികള്‍ പോയതെന്ന് അധികൃതര്‍ പറഞ്ഞു.
കാണാതായ കുട്ടികളില്‍ രണ്ടുപേര്‍ ഈ മാസം 25-ന് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയതാണ്. മറ്റു നാലുപേര്‍ ഒരു മാസത്തിനിടയിലും
എത്തിയവരാണ്.
കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണം ഊര്‍ജിതമാക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പോലീസ് മേധാവിക്ക് ചെയര്മാന് കെ.വി. മനോജ് കുമാര്‍ നിര്‍ദേശം നല്കി. കമ്മിഷന് അംഗം ബി. ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു.






