ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചത് 'മിന്നല്‍ മുരളി'യുടെ വിവാഹമാണ്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ തന്റെ നായികയെ അപകടങ്ങളില്‍ നിന്നു രക്ഷിക്കുന്നതും തുടര്‍ന്നു പ്രണയത്തിലാകുന്നതും വിവാഹിതനാകുന്നതും ലോകം കണ്ടതു കടുത്തുരുത്തി ആയാംകുടി സ്വദേശി ചിത്തിരയില്‍ അമല്‍ രവീന്ദ്രന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു. 23നായിരുന്നു കല്യാണം. മിന്നല്‍ മുരളിയുടെ വേഷം ധരിച്ച് അമല്‍ എത്തിയപ്പോള്‍ അതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത് സാക്ഷാല്‍ മിന്നല്‍ മുരളി ടോവിനോ തോമസും സംവിധായകന് ബേസില്‍ ജോസഫും ഉള്‍പ്പെടെ സെലിബ്രിറ്റികളാണ്.
സിനിമയുടെ റിലീസിനു തലേന്ന്, ഡിസംബര്‍ 23നാണ് അമലിന്റെ പേജില്‍ മിന്നല്‍ മുരളി 'റിലീസ്' ആയത്. കല്യാണത്തിന്റെ 'സേവ് ദ ഡേറ്റ്' വീഡിയോയില്‍ മിന്നല്‍ മുരളിയായി അമലും വധു എറണാകുളം സ്വദേശി കെ.എച്ച്.അഞ്ജുവും അഭിനയിച്ചപ്പോള്‍ മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിച്ചത്. വഴിയരികിലൂടെ നടന്നു പോകുന്ന അഞ്ജുവിന്റെ പഴ്സ് കള്ളന് പിടിച്ചുപറിക്കുന്നതും അതു കണ്ട 'മിന്നല്‍ മുരളി' കളളനെ കീഴ്പ്പെടുത്തി അഞ്ജുവിന് പഴ്സ് തിരികെ നല്കുന്നതുമാണ് വിഡിയോയുടെ കഥ. തുടര്‍ന്ന് മറ്റൊരു അപകടത്തില്‍ നിന്നു അഞ്ജുവിനെ രക്ഷിക്കുന്ന അമല്‍ പിന്നീട് അഞ്ജുവിന്റെ കൂടെ കൂടുന്നു.
വീഡിയോയും ഫോട്ടോകളും മേക്കിങ് വീഡിയോയും ഹിറ്റായതോടെ കല്യാണവേഷം എന്തായിരിക്കണമെന്ന് അമലിന് ആലോചിക്കേണ്ടി വന്നില്ല. മിന്നല്‍ മുരളിയുടെയും പ്രണയിനിയുടെയും വിവാഹവും തുടര്‍ന്നു രണ്ടുപേരും 'പറന്നു പോകുന്ന' വീഡിയോയും പുറത്തുവന്നതോടെയാണു സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സംഗതി ഏറ്റെടുത്തത്. മുണ്ടക്കയത്തെ ആര്‍ത്രേയ വെഡിങ് സ്റ്റോറീസ് സ്റ്റുഡിയോയുടെ ജിബിന്‍ ജോയ് ആണു കാമറയ്ക്കു പിന്നില്‍. മിന്നല്‍ മുരളി വെഡിങ് ഷൂട്ട് എന്ന ആശയം ജിബിന്റേതു തന്നെ. 'ഇതാണു കല്യാണം!' എന്നര്‍ഥം വരുന്ന അടിക്കുറിപ്പോടെ നെറ്റ്ഫ്ലിക്സും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.






