
വസ്ത്രധാരണത്തെ മുൻനിർത്തി നടി ദീപിക പദുകോണിനെ അപമാനിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫ്രെഡി ബേർഡി. ദീപികയുടെ പുതിയ സിനിമ ഗഹ്രായിയാന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ പ്രചാരണത്തിന്റെ തിരക്കിലാണ് താരം. സിനിമയുടെ റിലീസ് തീയതി അടുക്കുംതോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞുവരുമെന്നും ഇതാണ് ബോളിവുഡിലെ ന്യൂട്ടൻ നിയമം എന്നും ഫ്രെഡി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ദീപികയേയും കരൺ ജോഹറിനെയും ടാഗ് ചെയ്തായിരുന്നു ഇത്. സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. ഇതോടെ ഫ്രെഡിക്കെതിരെ പരോക്ഷ പ്രതികരണവുമായി ദീപിക രംഗത്തെത്തി.
പ്രപഞ്ചം പ്രോട്ടോണ്‍, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയാൽ നിർമിതമാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്നാൽ മോറോണുകളെക്കുറിച്ച് പറയാൻ അവർ മറുന്നു പോയി എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ദീപിക കുറിച്ചത്. ബുദ്ധിവികാസമില്ലാത്തത് എന്നാണ് മോറോൺ എന്ന വാക്കിന്റെ അർഥം.
ഇതോടെ ഫ്രെഡി വീണ്ടും പ്രതികരണവുമായി എത്തി. പ്രിയപ്പെട്ട ദീപിക, ചെറിയ വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ ഞാന്‍ നിങ്ങളെ പരിഹസിച്ചിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് ധരിക്കാം. എന്നെ മോറോൺ എന്നു വിളിച്ചതിന് നന്ദി. നിങ്ങളുടെ കരിയറിൽ പറഞ്ഞതിൽ വ്യാജമല്ലാത്ത ഏക കാര്യം അതു മാത്രമാണ്. സ്നേഹത്തോടെ ഫ്രഡ്’’– പരിഹാസരൂപേണ ഫ്രെഡി മറുപടി നൽകി. സ്ത്രീകളെ അപഹസിക്കുന്നവിധത്തിലുള്ള പ്രസ്താവനകളുടെ പേരില്‍ ഫെഡ്രി മുൻപും വിവാദത്തിലായിട്ടുണ്ട്.
ദീപിക പദുക്കോണിനെ നായികയാക്കി ശകുൻ ബത്ര സംവിധാനം ചെയ്യുന്ന ഗഹ്രായിയാൻ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ, നസുറുദ്ദീൻ ഷാ, രജത് കരൂർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് നിർമാണം.






