
കൊച്ചി : അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ ഫോണ്‍ ഇനി ഫോറന്‍സിക് പരിശോധനയ്ക്കയ്ക്കുക ആലുവ മജിസ്ട്രേറ്റ് കോടതി. ഹൈക്കോടതി രജിസ്ട്രിയുടെ കസ്റ്റഡിയിലായിരുന്ന മൊബൈല്‍ ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിക്കു കൈമാറി. അന്വേഷണസംഘം ആവശ്യപ്പെട്ട ഏഴ് ഫോണുകളില്‍ ആറെണ്ണമാണു ദിലീപും കൂട്ടാളികളും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടപ്പെട്ട ദിലീപിന്റെ ഫോണ്‍ കൈമാറിയിട്ടില്ല.
ഹാജരാക്കാത്ത ആ ഫോണ്‍ നിര്‍ണായകമാണെന്നു പ്രോസിക്യൂഷന് വാദിക്കുന്നു. അങ്ങനെയൊരു ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണു ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടുപോയെന്നു പറഞ്ഞാല്‍, ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി കണ്ടെത്തിക്കൊള്ളാമെന്നാവും പ്രോസിക്യൂഷന് വാദം. അതു മനസിലാക്കിയാണ് അങ്ങനെയൊരു ഫോണില്ലെന്നു ദിലീപ് വാദിച്ചത്. എന്നാല്‍, ഈ ഫോണ്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു മുമ്പുവരെ ദിലീപ് ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അതില്‍നിന്നു പന്ത്രണ്ടായിരത്തിലേറെ വിളികള്‍ നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ആറ് ഫോണുകള്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നാണു ഹൈക്കോടതി നിര്‍ദേശം. ഇന്നുതന്നെ പ്രോസിക്യൂഷന് അപേക്ഷ നല്‍കിയേക്കും. ഫോണുകള്‍ പോലീസിനു കൈമാറരുതെന്നും കോടതി നേരിട്ട് ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കണമെന്നുമാണു ദിലീപിന്റെ ആവശ്യം. ഫോണുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര എജന്‍സിയെ ഏല്‍പ്പിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടേക്കും.
കോടതി നേരിട്ട് ലാബിലേക്കയച്ചാല്‍ പരിശോധനാഫലവും കോടതിക്കാകും കൈമാറേണ്ടിവരുക. ആലുവ കോടതിയാകും ഇനി ഫോണ്‍ പരിശോധിക്കാന്‍ അന്വേഷണസംഘത്തിനു നല്‍കണോയെന്നു തീരുമാനിക്കുക. ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഫോണുകള്‍ പരിശോധനയ്ക്കു ലഭിക്കാത്തത് അന്വേഷണസംഘത്തിനു തിരിച്ചടിയായി. ഫോണുകള്‍ തുറക്കാനുള്ള ലോക്ക് പാറ്റേണ്‍ ദിലീപ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
രണ്ടാഴ്ച കഴിഞ്ഞിട്ടും മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്കായിട്ടില്ല. ഓരോതവണ കേസ് പരിഗണിക്കുമ്പോഴും ഇരുകക്ഷികളും ശക്തമായ പുതിയവാദങ്ങള്‍ ഉന്നയിക്കുന്നതാണു കാരണം.






