
രാജ്യത്തിന്റെ ബിസിനസ് സിരാകേന്ദ്രമായ മുംബൈയില്‍, ടെലികോം ഭീമന് ജിയോയുടെ നെറ്റ്വര്‍ക്ക് എട്ട് മണിക്കൂറിലേറെ സമയത്തേക്ക് തകരാറിലായത് ഉപയോക്താക്കള്‍ക്ക് കടുത്ത വിഷമങ്ങള്‍ സൃഷ്ടിച്ചിരുന്നു. ശനിയാഴ്ച ഏകദേശം ഉച്ച മുതല്‍ വൈകീട്ട് 8 മണി വരെയാണ് കവറേജ് ഇല്ലാതായത്. മുംബൈ സര്‍ക്കിളില്‍ ജിയോയ്ക്ക് 1.30 കോടി വരിക്കാരാണ് ഉള്ളത്. എന്നാല്‍, എന്തുകൊണ്ടാണ് പ്രശ്നം സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
നഷ്ടപ്പെട്ട എട്ടു മണിക്കൂര്‍ നേരത്തെ, പ്രശ്നങ്ങള്‍ക്ക് വരിക്കാര്‍ക്ക് നഷ്ടപരിഹാരം നല്കന് റിലയന്‍സ് ജിയോ തയാറായി. ജിയോ ഉപയോക്താക്കള്‍ക്ക് രണ്ട് ദിവസത്തെ സൗജന്യ സേവനമാണ് നല്‍കിയത്. സൗജന്യ സേവനം മുംബൈയിലെ 1.30 കോടി വരിക്കാരുടെ നമ്പറിലേക്ക് സ്വയമേവ ചേര്‍ക്കപ്പെടുമെന്നാണ് ജിയോ അറിയിച്ചത്. ഇതോടെ ഉപയോക്താക്കള്‍ സബ്സ്െ്രെകബുചെയ്ത നിലവിലെ പ്ലാന്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടികിട്ടും.
നെറ്റ്വര്‍ക്ക് തകരാറിലായതിനാല്‍ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് കമ്പനിയില്‍ നിന്ന് മെസേജും അയച്ചിരുന്നു. ' ഞങ്ങള്‍ 2ദിവസത്തെ അധിക ക്രെഡിറ്റ് നല്കുന്നു, അത് നിങ്ങളുടെ നമ്പറിലേക്ക് സ്വയമേവ ചേര്‍ക്കപ്പെടും. കോംപ്ലിമെന്ററി റെന്റല്‍ ക്രെഡിറ്റ് നിങ്ങളുടെ അടുത്ത ബില്ലില്‍ പ്രതിഫലിക്കും', ഇതായിരുന്നു മെസേജ്.
ഇത് രണ്ടാം തവണയാണ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു ആനുകൂല്യം നല്‍കുന്നത്. 2021ല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് പ്രശ്നം നേരിട്ടപ്പോള്‍ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് രണ്ട് ദിവസത്തെ അധിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ആനുകൂല്യം കമ്പനിയുടെ മുഴുവന്‍ വരിക്കാര്‍ക്കും ലഭിക്കുന്നില്ല, പ്രശ്നം നേരിട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നല്‍കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.






