
ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍
ആരോഗ്യവാന്മാരില് കൊറോണ വൈറസ് കുത്തിവച്ചുള്ള ആദ്യ ഹ്യൂമന്‍ ഇന്ഫെക്ഷന് പഠനം നടന്നു. കൊറോണ വൈറസ് അണുബാധയുമായി ബന്ധപ്പെട്ട വിലപ്പെട്ട പല വിവരങ്ങളും ഈ പഠനത്തില്‍ നിന്ന് ലഭിച്ചതായി ഗവേഷകര്‍ പറയുന്നു.
വാക്സീന് ഇതേ വരെ എടുക്കാത്തവരും ഇതിനു മുന്‍പ് കോവിഡ് ബാധിക്കപ്പെടാത്തവരുമായ 36 ആരോഗ്യവാന്മാരിലാണ് പരീക്ഷണം നടത്തിയത്. ഇവരുടെ പ്രായം 18നും 30നും ഇടയിലായിരുന്നു. 36 പേരില്‍ 18 പേരിലാണ് വൈറസ് കുത്തിവച്ചത്.
ഇവരിൽ വൈറസ് ഉള്ളില്‍ പ്രവേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. തൊണ്ടയില്‍ ആരംഭിക്കുന്ന അണുബാധ അഞ്ച് ദിവസത്തില്‍ അതിന്റെ മൂര്‍ധന്യത്തില്‍ എത്തുമെന്നും ഇവര്‍ കണ്ടെത്തി.
വൈറസ് പകരുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വായും മൂക്കും മാസ്ക് ഉപയോഗിച്ച് മൂടി വയ്ക്കുന്നതാണെന്നും ഗവേഷണത്തില്‍ തെളിഞ്ഞു.
വൈറസ് ബാധിക്കപ്പെട്ടയാള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ലാറ്ററല്‍ ഫ്ളോ ടെസ്റ്റുകള്‍ ആണെന്നും ഗവേഷകര്‍ പറയുന്നു.
ഇവരില്‍ 16 പേര്‍ക്ക് ലഘുവായതും മിതമായ തോതിലുള്ളതുമായ ജലദോഷ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായി. മൂക്കൊലിപ്പ്, തുമ്മല്‍, തൊണ്ടവേദന എന്നിങ്ങനെ നീളുന്നു ഇവരിലെ ലക്ഷണങ്ങള്‍.
പരീക്ഷണത്തില്‍ പങ്കെടുത്ത ആര്‍ക്കും ഗുരുതരമായ രോഗബാധ ഉണ്ടായില്ല.
13 പേര് മണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. 90 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് ഇത് തിരികെ ലഭിച്ചു. ഇവരില്‍ ആര്‍ക്കും ശ്വാസകോശത്തിന് കാര്യമായ ക്ഷതവും ഏറ്റിട്ടില്ല. ദീര്‍ഘകാല കോവിഡ് സ്വാധീനം തിരിച്ചറിയുന്നതിനായി ഇവരെ എല്ലാവരെയും 12 മാസക്കാലം നിരീക്ഷണ വിധേയരാക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.






