പാലക്കാട് : 'എന്റെ മകന് ഒരുതുള്ളി വെള്ളംകുടിച്ചിട്ട് നേരത്തോടുനേരം പിന്നിട്ടു. അവന് എന്തുചെയ്യുന്നുണ്ടാവുമോ എന്തോ. അപകടമൊന്നും വരുത്തരുതേ' മലയടിവാരത്തില്‍ മകനുവേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു റഷീദ.
മലമ്പുഴ ചെറാട് കൂര്മ്പാച്ചിമലയുടെ മുകളില്‍ അപകടത്തില്‍പ്പെട്ട ബാബുവിന്റെ ഉമ്മ റഷീദ മകന്റെ വിവരമറിയാനുള്ള ആധിയോടെ ചൊവ്വാഴ്ച പകല്‍മുഴുവന്‍ മലയടിവാരത്തില്‍ വന്നിരിപ്പായിരുന്നു. ഒടുവില്‍, കളക്ടര്‍ മൃണ്മയിജോഷിയുടെ അഭ്യര്‍ഥനപ്രകാരമാണ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്.
'ബാബു മലയില്‍ക്കുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറിഞ്ഞത്. അവന് വീട്ടിലേക്ക് ഫോണില്‍വിളിച്ച് പറയുകയായിരുന്നു. ഞാന്‍ വിഷമംകൊണ്ട് കരഞ്ഞപ്പോള്‍, എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് അവന് ദേഷ്യപ്പെട്ടു. പിന്നെ, കുഴപ്പമൊന്നും ഇല്ലെന്നുപറഞ്ഞ് ഫോണ്‍വെച്ചു. വൈകീട്ട് ഏഴരവരെയും വിളിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ കിട്ടാതായി' റഷീദ പറഞ്ഞു.
ഹെലിക്കോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അവന് ഷര്‍ട്ടൂരി വീശിക്കാണിച്ചതായി പോലീസുകാര്‍ പറയുന്നു. ജീവനുണ്ടെന്ന് അറിയുന്നത് ആശ്വാസമാണ്. അവന് എന്തിനാണ് മലയിലേക്ക് പോയതെന്ന് അറിയില്ല. എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണ്. പക്ഷേ, എനിക്കെന്റെ മകനെ തിരിച്ചുകിട്ടിയേപറ്റൂ. ഒരുനാട് മുഴുവന്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടെയുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം റഷീദ പറഞ്ഞു.






