മൈസൂര്‍: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചതിനു പിന്നാലെ, സർക്കാർ സഹായം ലഭിച്ച അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പിതാവ് അറസ്റ്റിൽ. മൈസൂര്‍ ജില്ലയിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവിനെ, സർക്കാർ സഹായം തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദിവാസി വിഭാഗത്തിൽപ്പെട്ട ഇയാളെ 2019ൽ കൗമാരക്കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിക്ക് കർണാടക സർക്കാർ 5 ലക്ഷം രൂപ 2020ൽ നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെ സമീപിച്ച് അഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പെൺകുട്ടിയുടെ അമ്മ ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ തട്ടിപ്പ് മനസ്സിലായി. ഇവർ പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ ഹുൻസൂർ പോലീസ് അറസ്റ്റ് ചെയ്തു.






