
സോഷ്യല്‍ മീഡിയയിലൂടെ സംഭവങ്ങള്‍ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. ഇപ്പോള്‍ വൈറലായിരിക്കുന്നത് തികച്ചും അതിശയകരമായ സംഭവമാണ്. വലിയ കെട്ടിടങ്ങളില്‍ നിന്നും കുട്ടികള്‍ വീഴുന്ന നിര്‍ഭാഗ്യകരമായ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സാധാരണ കുട്ടികളെ അത്തരം അപകടകരമായ സാഹചര്യത്തില്‍ നിന്നും പരമാവധി മാറ്റിനിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഒരു അമ്മ സ്വന്തം മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് കെട്ടിയിറക്കുന്ന സംഭവമാണ് ഫരീദാബാദില്‍ നടന്നത്. സെക്ടര്‍ 82ലെ സൊസൈറ്റിയിലെ ഫ്ളാറ്റില്‍ നടന്ന സംഭവം എതിര് ഭാഗത്തുള്ള കെട്ടിടത്തിലെ താമസക്കാരനാണ് വീഡിയോയില്‍ പകര്‍ത്തിയത്.
എട്ടാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാല്‍ക്കണിയില്‍ വീണ സാരി എടുക്കാനാണ് ഒമ്പതാം നിലയില്‍ നിന്നും മകനെ അമ്മയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് ബെഡ്ഷീറ്റില്‍ താഴേക്കിറക്കിയത്. ബെഡ് ഷീറ്റ് കയര്‍ പോലെ പിരിച്ചശേഷമാണ് മകനെ അതിലൂടെ താഴേക്ക് ഇറക്കിയത്. തുടര്‍ന്ന് സാരിയെടുത്ത ശേഷം അമ്മയും മറ്റുള്ളവരും ചേര്‍ന്ന് മകനെ വലിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചുകയറിയത് ഭാഗ്യമാണെന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. റിവ്യൂറോണ് എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ റോണക്ക് കൊട്ടേച്ച എന്ന മാധ്യമപ്രവര്ത്തകന് ഇത് ഷെയര്‍ ചെയ്തതോടെ സംഭവം വൈറലായി.
പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് സാരി തിരിച്ചെടുക്കാന്‍ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടാതെ സ്വയം തീരുമാനിച്ച് മകന്റെ ജീവന് അപായപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞു. ഇത്തരം ഒരു കാര്യം ചെയ്യുന്നതിനു മുന്‍പ് ഹൗസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അസോസിയേഷന് അമ്മയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ തന്റെ തീരുമാനത്തില്‍ ഖേദിക്കുന്നതായും ക്ഷമിക്കണം എന്ന് പറയുകയും ആരോ വീഡിയോ എടുക്കുന്നത് തനിക്കറിയില്ലായിരുന്നു എന്നുമാണ് അമ്മ പറഞ്ഞത്. എന്നാല്‍ മകനോട് ചോദിച്ചപ്പോള്‍ ഏക് ദിൻ തോ മർനാ ഹേ (ഒരു ദിവസം എന്തായാലും മരിക്കണമല്ലോ) എന്നാണ് പറഞ്ഞത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.






