
തൃശൂര്‍: തൃശൂര്‍-എറണാകുളം റൂട്ടില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. 21 മണിക്കൂറിനു ശേഷം ഇന്നു 11 മണിയോടെയാണ് പാളത്തിലൂടെ ട്രയല്‍ റണ്‍ നടത്തി ഗതാഗതം പുനരാരംഭിച്ചത്. ഇരുവരി ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ കടത്തി വിടുന്നത്. അപകടത്തില്‍പെട്ട പാളത്തില്‍ നിന്നും ചരക്കുവണ്ടിയുടെ ബോഗികള്‍ നീക്കിയ ശേഷം തകരാറിലായ പാളം മാറ്റിവച്ചു. തുടര്‍ന്നാണ് മലബാര്‍ എക്സ്പ്രസ് ഈ പാളത്തിലൂടെ കടന്നുപോയത്. എതിര്‍ദിശയിലേക്ക് ജനശതാബ്ദി,എക്സ്പ്രസും പോയി.
അതേസമയം, ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്(16301), എറണാകുളം-ഷൊര്‍ണൂര്‍ മെമു(6018), എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍(6448) എന്നിവ റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ. നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ്(16325) ഷൊര്‍ണൂരിലും എറണാകുളം-പാലക്കാട് മെമു(6798) ആലുവയിലും യാത്ര അവസാനിപ്പിക്കും.






