
വാഷിങ്ടൺ: എച്ച്.ഐ.വി. ബാധിതയായ സ്ത്രീയ്ക്ക് രക്താർബുദചികിത്സയ്ക്കായി മജ്ജ മാറ്റിവെച്ചതോടെ എയ്ഡ്സ് രോഗവും ഭേദമായി. ഈ രീതിയിൽ എച്ച്.ഐ.വി. ഭേദമാകുന്ന ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണ് 64 വയസ്സുള്ള ഈ അമേരിക്കക്കാരി.
എയ്ഡ്സിന് കാരണമാകുന്ന വൈറസിനെതിരേ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരാളിൽനിന്നാണ് ഇവർ രക്താർബുദ ചികിത്സയ്ക്കായി മജ്ജ സ്വീകരിച്ചത്. മജ്ജയിലെ വികാസംപ്രാപിച്ച മൂലകോശങ്ങൾ ഉപയോഗിക്കുന്ന സ്വാഭാവികരീതിക്കുപകരം ദാദാവിൽനിന്നുള്ള പൊക്കിൾക്കൊടി രക്തമാണ് ഇവർ സ്വീകരിച്ചത്. ഈ ചികിത്സ തുടങ്ങിയതോടെ ഇവർക്ക് എച്ച്.ഐ.വി.ക്കെതിരായ ആന്റിവൈറൽ ചികിത്സ 14 മാസത്തോളം വേണ്ടിവന്നില്ല.
ഇതിനുമുമ്പ് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ വളർച്ചയെത്തിയ മൂലകോശങ്ങൾ സ്വീകരിച്ച രണ്ടു പുരുഷന്മാർക്കും രോഗം മാറിയിട്ടുണ്ട്. ഈ രീതിയിൽ എച്ച്.ഐ.വി. ഭേദപ്പെടുന്ന ആദ്യസ്ത്രീയാണിവരെന്ന് അന്താരാഷ്ട്ര എയ്ഡ്സ് സൊസൈറ്റി പ്രസിഡന്റ് ഷാരോൺ ലെവിൻ പറഞ്ഞു. കാലിഫോർണിയ ലോസ് ആഞ്ജലിസ് സർവകലാശാലയിലെ ഡോ. ഇവോൺ ബ്രൈസണും ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഡോ. ഡെബോറ പെർസൗഡുമാണ് പഠനത്തിന് നേതൃത്വം നൽകിയത്. കൂടുതൽപ്പേരിൽ പഠനം തുടരുമെന്ന് സംഘം അറിയിച്ചു.






