
പ്രണയത്തിന് ജാതിയോ മതമോ പ്രായമോ ഒന്നും തടസ്സമല്ല. ഹൃദയം കൊണ്ടുള്ള പ്രണയം ഇന്ന് കാണുന്നത് അപൂര്‍വ്വമാണ്. കുട്ടിക്കാലം തൊട്ട് സുഹൃത്തുക്കളാവുകയും ഒടുവില്‍ അത് പ്രണയമാവുകയും അപ്രതീക്ഷിതമായി ജീവിതത്തില്‍ ദുരന്തം സംഭവിച്ചപ്പോഴും ചേര്‍ത്തു പിടിയ്ക്കുകയും ചെയ്ത ഒരു പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് യുവതി തന്റെ പ്രണയത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. തന്റെ ആദ്യത്തെ ക്രഷും ബെസ്റ്റ് ഫ്രണ്ടുമായ രാഹുലിന് പ്രണയകാലത്തിനിടയ്ക്ക് അപകടം സംഭവിച്ച് അരയ്ക്കു താഴേക്ക് തളര്‍ന്നപ്പോഴും താങ്ങും തണലുമായി നിന്ന് ഒടുവില്‍ ജീവിതത്തിലേക്ക് കൂട്ടിയതിനെക്കുറിച്ചാണ് യുവതി കുറിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം....
'' രാഹുല്‍ ആയിരുന്നു എന്റെ ആദ്യത്തെ ക്രഷ്. അവന് എന്റെ അയല്‍ക്കാരനും ബെസ്റ്റ് ഫ്രണ്ടുമായിരുന്നു. വര്‍ഷങ്ങള്‍ കഴിയവേ എനിക്കവനോടുള്ളത് പ്രണയമായി. 2008-ല്‍ രാഹുല്‍ എന്നെ ഒരു മേള കാണാന്‍ ക്ഷണിച്ചു. അവിടെ നിന്ന് പൂക്കള്‍ വാങ്ങി എന്നോട് പ്രണയമാണെന്ന് തുറന്നു പറഞ്ഞു. എനിക്കെന്റെ സന്തോഷം അടക്കാനായിരുന്നില്ല. ഞാനെപ്പോഴും അവനെ സ്നേഹിച്ചിരുന്നു എന്ന് മറുപടി പറഞ്ഞു, അങ്ങനെ ഞങ്ങളുടെ പ്രണയകഥ ആരംഭിച്ചു. ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ഞങ്ങള്‍ പ്രണയികളായി. പിന്നീടുള്ള എട്ടു വര്‍ഷം ഇണക്കങ്ങളും പിണക്കങ്ങളുമായി കടന്നുപോയി.
എന്റെ രണ്ടു മാതാപിതാക്കളെയും നഷ്ടപ്പെട്ട സമയത്ത് അവന് എന്റെ കൂടെ നിന്നു. അവനായിരുന്നു എന്റെ ലോകം മുഴുവന്‍. മാതാപിതാക്കളുടെ മരണത്തില്‍ നിന്നു കര കയറുന്നതിനിടെയാണ് രാഹുലിന് ഒരു അപകടം സംഭവിക്കുന്നത്. അവന് അരയ്ക്കു താഴേക്ക് തളര്‍ന്നു. അപ്പോള്‍ വെറും ഇരുപത്തിയൊന്നു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. നമ്മള് ഇതിനെ ഒന്നിച്ച് അതിജീവിക്കുമെന്ന് ഞാന്‍ അവനോട് പറഞ്ഞു. അവന്റെ ജീവിതത്തില്‍ ഒരു യു ടേണ്‍ ഉണ്ടായെന്നും അവന് എപ്പോഴത്തേക്കാളുമുപരി എന്നെ ആവശ്യമാണെന്നും ഞാന്‍ മനസ്സിലാക്കുകയായിരുന്നു.
ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷവും ഞാന്‍ അവന്റെ അരികില്‍നിന്ന് മാറിയില്ല. അവന്റെ കുടുംബം ദൂരെ ജോലി ചെയ്യുന്നതിനാല്‍ ഞാനാണ് എല്ലാ ദിവസവും അവനെ നോക്കിയിരുന്നത്.നീ പുതിയൊരു ജീവിതം തുടങ്ങണമെന്ന് രാഹുല്‍ എപ്പോഴും പറയും. എന്റെ ജീവിതം എന്നെന്നേക്കുമായി നിനക്കൊപ്പമായിരിക്കുമെന്ന് ഞാന്‍ മറുപടി നല്‍കും. രണ്ടു മാസം കഴിഞ്ഞപ്പോള്‍ രാഹുലിന്റെ കുടുംബം ലക്നൗവിലേക്ക് ചേക്കേറി. നാലു വര്‍ഷത്തോളം ഞങ്ങള്‍ രണ്ടിടങ്ങളിലായി നിന്നു. പക്ഷേ, ഒരു ദിവസം ഞാന്‍ രാഹുലിന്റെ കുടുംബത്തെ കാണാനും അവനെ വിവാഹം കഴിക്കുന്ന കാര്യം സംസാരിക്കാനും തീരുമാനിച്ചു. എന്നാല്‍, എന്റെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അച്ഛന് ഞങ്ങള്‍ രണ്ടു ജാതിയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞ് വിസമ്മതിച്ചു.
അപ്പോഴേക്കും രാഹുല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറിയിരുന്നു. രാഹുലിന്റെ അവസ്ഥ മനസ്സിലാക്കിയ സെന്റര്‍ തന്നെ കുടുംബത്തെ കല്ല്യാണക്കാര്യം സമ്മതിപ്പിക്കാന്‍ മുന്‍കൈയെടുത്തു. ഞങ്ങളുടെ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് അവന്റെ കുടുംബത്തിന് മനസ്സിലായി. ഞാനും രാഹുലും വിവാഹിതരായി. ജീവിതത്തിലുടനീളം നിന്റെ ഊന്നുവടിയാകുമെന്ന് വിവാഹദിനത്തില്‍ ഞാന്‍ രാഹുലിന് സത്യം നല്കി. എന്നെ ജീവിതത്തില്‍ ലഭിച്ചതില്‍ ഭാഗ്യവാനാണെന്ന് രാഹുല്‍ ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷേ, എനിക്ക് തോന്നുന്നത് ഞാനാണ് കൂടുതല്‍ ഭാഗ്യവതി എന്നാണ്. കാരണം എല്ലാവര്ക്കും ആദ്യമായി പ്രണയിച്ചയാളെ തന്നെ ജീവിതത്തില്‍ കൂടെ കൂട്ടാന്‍ കഴിയാറില്ലല്ലോ.''






