
മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായൊരു ഇടം നേടിയെടുത്ത അഭിനേത്രിയാണ് മഞ്ജു വാര്യര്‍. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ താരത്തെ ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മടങ്ങിവരവില്‍ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകര്‍ പിന്നെ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുതിയ ചിത്രങ്ങളെല്ലാം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
കൂളിങ് ഗ്ലാസും വെച്ച് വെയില് കായുന്ന മഞ്ജുവാണ് ചിത്രങ്ങളില്‍. ‘‘എത്ര ഇരുട്ടിയാലും സൂര്യന് വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും.’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍. മഞ്ജുവിന്റെ പുതിയ ചിത്രമായ 'ആയിഷ' യുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ നിരന്തരം ആഘോഷമാക്കാറുണ്ട്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
കലോത്സവവേദികളിലെ താരമായ മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടി. 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓള്‍ഡ് ആര് യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇന്നിപ്പോള്‍ മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യര്‍. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികള്‍ക്ക് സമയം കണ്ടെത്താറുണ്ട്. രണ്ടാം വരവില്‍ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നാണ് ‘അസുരന്’ എന്ന വെട്രിമാരന് ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിറങ്ങുന്ന മലയാളത്തിലെ മിക്ക ബിഗ് ബജറ്റ് ചിത്രങ്ങളിലും താരത്തിന്റെ സാന്നിധ്യമുണ്ട്.






