
ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകളിലൂടെ യാത്ര തിരിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. കേരളത്തില്‍ സാമന്തയെത്തിയ സന്തോഷത്തിലാണ് മലയാളി ആരാധകർ. യാത്രകളെ പ്രണയിക്കുന്നയാളാണ് സാമന്ത എന്ന് താരത്തിന്റെ ഇൻസറ്റഗ്രാം പോസ്റ്റുകളിൽ നിന്നു മനസ്സിലാക്കാം. യാത്രപോയ നിരവധി ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോഴിതാ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയിലും മാരാരിക്കുളം ബീച്ചിലും എത്തിയിരിക്കുകയാണ് സാമന്ത. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും സൂര്യാസ്തമയത്തിന്റെ ഭംഗി നുകർന്ന് കടൽത്തീരത്ത് ചെലവഴിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിന്റെ മനംമയക്കും കാഴ്ചകളിലാണ് താരം.
കഴിഞ്ഞ മാസം സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള അവധിക്കാല യാത്രയുടെ ചിത്രവും സ്കീയിങ് വീഡിയോയും സാമന്ത പങ്കുവെച്ചിരിന്നു. വര്‍ഷംമുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന സ്വിസ് ആൽപ്സിന്റെ പ്രാന്തപ്രദേശത്തുള്ള ഈ ഗ്രാമം സ്കീയിങ് പോലുള്ള വിനോദങ്ങള്‍ക്കും അവധിക്കാല റിസോര്‍ട്ടുകള്‍ക്കും പ്രസിദ്ധമാണ്. ലോകപ്രശസ്ത സ്കീയിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ വെര്‍ബിയര്‍ ഗ്രാമത്തില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്.
സൂര്യാസ്തമയക്കാഴ്ച കണ്ട് സാമന്ത...
കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നായ മാരാരിക്കുളത്തെ മാരാരി ബീച്ചില്‍ സുഹൃത്തിനൊടൊപ്പം സൂര്യസ്തമയകാഴ്ച ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാണ്. സഞ്ചാരികളുടെ പ്രിയയിടമാണ് മാരാരിക്കുളം. സൂര്യാസ്തമയവും കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിരവധി സഞ്ചാരികള്‍ ഒഴിവുസമയം ചെലവിടാനായും സൂര്യാസ്തമയക്കാഴ്ച കാണാനും മറ്റുമായി ഇവിടെയെത്താറുണ്ട്.






