
സാറ അലി ഖാന് വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ്. അച്ഛന് സെയ്ഫ് അലി ഖാന് രണ്ടാം വിവാഹത്തിലൂടെ കരീന കപൂറിനെ ജീവിതത്തിലേക്ക് കൂട്ടിയപ്പോഴും സാറ അലി ഖാന് ആ കുടുംബവുമായുള്ള ബന്ധം വേണ്ടെന്നു വച്ചില്ല. അച്ഛനോടും കരീനയോടും വളരെ സ്നേഹത്തില്‍ തന്നെയാണ് സാറ ഇടപെടുന്നത്. ഇപ്പോഴിതാ കരീനയുടെയും സെയ്ഫിന്റെയും രണ്ടാമത്തെ മകന് ജെയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ് സാറ. പിറന്നാള്‍ ആഘോഷത്തിനിടയില്‍ പകര്‍ത്തിയ സെയ്ഫിന്റെയും മക്കളുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സാറയ്ക്കൊപ്പം അച്ഛന് സെയ്ഫ് അലി ഖാന് സഹോദരങ്ങളായ ഇബ്രാഹിം അലി ഖാന്, തൈമൂര്‍, ജെ എന്നിവരെയും ചിത്രത്തില്‍ കാണാം. മക്കള്‍ക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രം ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞനിയന് ജെയെ കൈകളിലെടുത്തിരിക്കുകയാണ് സാറാ അലി ഖാന്. ‘‘ഏറ്റവും സന്തോഷകരമായ ഒന്നാം പിറന്നാൾ ബേബി ജെ ’’ എന്ന ക്യാപ്ഷന്‍ നല്കി സാറ തന്നെയാണ് കുഞ്ഞനുജന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ കുടുംബചിത്രം പങ്കുവച്ചത്. ജെയ്ക്കൊപ്പം കളിക്കുന്ന ചിത്രവും ഉമ്മ കൊടുക്കുന്ന ചിത്രവും സാറ പങ്കുവച്ചിട്ടുണ്ട്.
ഇതിനു മുമ്പും തൈമൂറിനും ജെയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സാറ പങ്കുവച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്. 2012 ഒക്ടോബറില്‍ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകന് തൈമൂറിനു കൂട്ടായി കഴിഞ്ഞ ഫെബ്രുവരി 21നാണ് കരീന - സെയ്ഫ് ദമ്പതികള്‍ക്ക് ജെ ജനിച്ചത്.






