തലശ്ശേരി: സി.പി.എം. പ്രവര്ത്തകന് കോടിയേരി പുന്നോല്‍ താഴെ വയലില്‍ ഹരിദാസനെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഴ്ചമുന്പ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അറസ്റ്റിലായ രണ്ടാംപ്രതി പുന്നോലിലെ കെ.വി.വിമിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു. രണ്ടാംപ്രതി ഉള്‍പ്പെടെ രാത്രി 10.30ന് അന്വേഷിച്ച് ചെല്ലുകയും കൊല നടത്തുന്നതിനുള്ള സംഘത്തെ തയ്യാറാക്കിനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിനായി നിജിന്‍ദാസിനെയും ആത്മജനെയും സമീപിച്ചതായും കുറ്റസമ്മതമൊഴിയില്‍ പറയുന്നു. നിജിന്‍ദാസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.
ആത്മജന് അയച്ച വാട്സാപ്പ് സന്ദേശം വിമിന്‍ പോലീസിന് കാണിച്ചുകൊടുത്തു. 14ന് രാത്രി ആത്മജനുമായി സംസാരിച്ചതിന്റെ ശബ്ദസന്ദേശം കണ്ടെത്തി. 14ന് ഹരിദാസന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പതിയിരുന്ന് ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അന്ന് ശ്രമം വിജയിച്ചില്ല. ഹരിദാസന്റെ രാത്രികാലസഞ്ചാരം മനസ്സിലാക്കാന്‍ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായ മൂന്നാംപ്രതി സുനേഷിനെയാണ് ഏല്‍പ്പിച്ചതെന്ന് കേസില്‍ ഒന്നാംപ്രതിയായ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ലിജേഷിന്റെ കുറ്റസമ്മതമൊഴിയിലുണ്ട്. സംഭവദിവസം വൈകുന്നേരം ലിജേഷ് വാട്സാപ്പ് കോള്‍വഴി സുനേഷിനെ ബന്ധപ്പെട്ടാണ് ഹരിദാസ് മീന്‍പിടിക്കാന്‍ പോയതായി അറിഞ്ഞത്.
ജോലിക്ക് വന്നിട്ടുണ്ടെന്നും തിരിച്ചുവരുന്ന സമയം അറിയിക്കാമെന്നും ഗോപാലപ്പേട്ടയിലെ മീന്‍പിടിത്ത തൊഴിലാളിയായ സുനേഷ് പറഞ്ഞു. ലിജേഷിന്റെ മൊബൈല്‍ഫോണില്‍ ഹോംപേജില്‍ വാട്സാപ്പ് ഐക്കണില്‍ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ പേജ് മായിച്ചതായി കണ്ടെത്തി. ഇയാള്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചതായും അന്വേഷണസംഘം പറയുന്നു.






