
മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സംയുക്തവര്‍മ്മ. സിനിമയില്‍നിന്നു മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്കിടയില്‍ ഇന്നും ഏറെ ആരാധകര്‍ സംയുക്തയുണ്ട്. യോഗയില്‍ ഏറെ താല്പര്യമുളള സംയുക്ത ഇടയ്ക്കിടെ യോഗാഭ്യാസനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. ഇപ്പോഴിതാ യോഗാഭ്യാസത്തിന്റെ വീഡിയോകള്‍ ഒരു കൊളാഷ് പോലെ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. മെയ് വഴക്കത്തോടെയുളള സംയുക്തയുടെ യോഗമുറകള്‍ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. വീഡിയോയുടെ പശ്ചാത്തലത്തില്‍ സദ്ഗുരുവിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്. ‘‘സദ്ഗുരുവിന്റെശബ്ദം വളരെ പ്രചോദനകരമാണ്. ഭംഗിയായി കാണാന്‍ വേണ്ടിയല്ല, മറിച്ച് മനസ്സിന് സുഖം തോന്നാൻ പരിശീലിക്കുക. നിശബ്ദതയിൽ പരിശീലിക്കുക.’’ എന്ന ക്യാപ്ഷനും നല്‍കിയാണ് സംയുക്ത വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും പ്രേക്ഷകര്‍ക്ക് ഇവരെ വളരെ ഇഷ്ടമാണ്. താന്‍ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണവും സംയുക്ത ഇടയ്ക്ക് ഒരു അഭിമുഖത്തില്‍ ഒരു മാധ്യമത്തിലൂടെ പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടിട്ടില്ലെന്നും, ഇപ്പോള്‍ എന്തിനാ അഭിനയിക്കുന്നത് എന്ന തോന്നലാണെന്നും താരം പറയുന്നു. ‘‘ഇഷ്ടമാകുന്ന ഒരു കഥയോ കഥാപാത്രമോ കിട്ടണം. അതൊന്നുമല്ലെങ്കില്‍ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?.’’ എന്നാണ് സംയുക്തയുടെ അഭിപ്രായം.






