
ബോഡിഷെയിമിങ്ങിനെതിരെ നിരന്തരം സംസാരിക്കാറുള്ള സെലിബ്രിറ്റികളിലൊരാളാണ് നേഹ ധൂപിയ. രണ്ടുവട്ടവും ഗർഭകാലത്തും അമ്മയായതിനുശേഷവും തന്റെ വണ്ണത്തെച്ചൊല്ലി നേരിട്ട ട്രോളുകളെക്കുറിച്ച് നേഹ പങ്കുവെക്കാറുണ്ട്. മെഹർ, ഗുരിഖ് എന്നീ രണ്ടു മക്കളുടെ അമ്മയായ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം തന്നെ പ്രസവശേഷം വണ്ണംവച്ചതിനെ വിമർശിക്കുന്നവർക്ക് തക്ക മറുപടി കൊടുക്കാറുമുണ്ട് നേഹ. പ്രസവാനന്തരമുണ്ടാകുന്ന വണ്ണത്തിൻമേൽ അമ്മമാരെ ട്രോളുന്നവരെക്കുറിച്ചാണ് ഇപ്പോൾ നേഹ പറഞ്ഞിരിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞായ ഗുരിഖിനെ പ്രസവിച്ചതിനുശേഷമാണ് തനിക്കെതിരെയുള്ള ട്രോളുകൾ ഉയർന്നത്. കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ ഇന്റർനെറ്റ് നോക്കാനൊന്നും സമയം കിട്ടിയെന്നു വരില്ല. ആ സമയത്ത് ഇതൊന്നും ബാധിക്കില്ല. പക്ഷേ അതെല്ലാം കഴിഞ്ഞ് ആ ലോകത്തേക്കു വരുമ്പോൾ അത്ര സുഖകരമായെന്നു വരില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് പ്രസവാനന്തരമുള്ള കാലം. അമ്മയെന്ന നിലയ്ക്കുള്ള കഠിനമായ കാലമാണത്. അതുകൊണ്ട് അവരോട് അനുകമ്പയോടെ പെരുമാറുകയാണ് വേണ്ടത്- നേഹ പറയുന്നു.
ഒരു സ്ത്രീയെ സംബന്ധിച്ചും പ്രസവകാലം എന്നത് അത്ര എളുപ്പമുള്ള യാത്രയല്ല എന്നും നേഹ പറയുന്നു. ഇത്തരം അവസ്ഥകളിലൂടെയൊന്നും കടന്നുപോയിട്ടില്ലാത്ത പുരുഷനാണോ ഇവ കുറിക്കുന്നത്? അതോ ഇതുവരെ അമ്മയായിട്ടില്ലാത്ത സ്ത്രീകളാണോ? അതോ കുഞ്ഞുങ്ങളുണ്ടായിട്ടും ഇത്തരത്തിൽ എഴുതിവിടുന്നവരാണോ? അങ്ങനെയെങ്കിൽ അതാണ് ഏറ്റവും ഗൗരവമേറിയ കാര്യം. ആരാണ് ഇത്തരം കമന്റുകൾ ഇടാനുള്ള അധികാരം നൽകുന്നതെന്നും നേഹ ചോദിക്കുന്നു.
നേരത്തെയും സമാനമായ പോസ്റ്റുകൾ നേഹ പങ്കുവെച്ചിരുന്നു. ഗർഭകാലത്ത് താൻ 23 കിലോ വരെ കൂടിയെന്നും ജോലി നഷ്ടപ്പെടുമോ എന്നു ഭയന്നിരുന്നുവെന്ന് നേഹ മുമ്പു നേഹ മുമ്പു പറഞ്ഞിരുന്നു. 'അവനവനോടും അവനവന്റെ ശരീരത്തോടും അനുകമ്പയുള്ളവരാകൂ' എന്നു പറഞ്ഞാണ് അടുത്തിടെ നേഹ ഒരു പോസ്റ്റ് പങ്കുവെച്ചത്. ബോഡിഷെയിമിങ് ചെയ്യുന്നവരെ വകവെക്കരുതെന്നും വണ്ണം വെക്കുന്നതോർത്ത് ആകുലപ്പെടരുതെന്നുമാണ് അന്നു നേഹ പങ്കുവെച്ചത്.
' അഞ്ചുവർഷം മുമ്പത്തെ ചിത്രം നോക്കി ഇപ്പോഴത്തെ ഭാരത്തെയോർത്ത് ആകുലപ്പെട്ടിരുന്നത് ഓർക്കുന്നുണ്ടോ? അഞ്ചുവർഷം മുമ്പുള്ള അതേ വ്യക്തിക്ക് തന്റെ ശരീരഭാരത്തെയോർത്ത് മോശം തോന്നുന്ന മറ്റെന്തെങ്കിലും കാര്യമുണ്ടായിരുന്നു. യോഗ്യതയില്ലെന്നും നിങ്ങൾ മറ്റുള്ളവരുടെയത്ര പോരെന്നുമുള്ള വിധത്തിലാണ് വളർന്നു വന്നിരിക്കുന്നത്.






