
എല്ലാ വര്‍ഷവും ജൂണ്‍ 21-നാണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. 'ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ' (Yoga for Healthy Ageing) എന്നതാണ് 2026-ലെ പ്രമേയം. യോഗ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും അനുയോജ്യമാണെന്നും അത് ശരീരത്തെ ചടുലവും സജീവവും വഴക്കമുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ഈ പ്രമേയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യോഗ എല്ലാവര്‍ക്കും അനുയോജ്യമായതിനാല്‍, കുട്ടികള്‍ക്കും ഇത് ഗുണം ചെയ്യും. കുട്ടിക്കാലത്തെ പ്രാരംഭ വര്‍ഷങ്ങളില്‍ തന്നെ മാതാപിതാക്കള്‍ക്ക് ഈ ശീലം അവരില്‍ വളര്‍ത്തിയെടുക്കാം. ചെറുപ്പത്തില്‍ തന്നെ യോഗ ശീലമാക്കുന്നത് കുട്ടികളില്‍ ഏകാഗ്രതയും ശരീരത്തിന് വഴക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് യോഗ ആവശ്യമായി വരുന്നത്?
ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍ ഗാഡ്ജെറ്റുകളെ (മൊബൈല്‍, ഐപാഡ് തുടങ്ങിയവ) അമിതമായി ആശ്രയിക്കുന്നവരാണ്. ഇത് അവരുടെ ശരീരത്തെയും മനസ്സിനെയും ദോഷകരമായി ബാധിക്കുന്നു. മണിക്കൂറുകളോളം കുട്ടികള്‍ അനങ്ങാതെ ഇത്തരം ഉപകരണങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്നു. ഇതിന്റെ ഫലമായി ലോകമെമ്പാടും കുട്ടികളിലെ അമിതവണ്ണ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) 2025 ഡിസംബറിലെ റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ 5 വയസ്സിന് താഴെയുള്ള 35 ദശലക്ഷം കുട്ടികള്‍ അമിതഭാരമുള്ളവരായിരുന്നു. കൃത്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഈ സംഖ്യ ഇനിയും ഉയരും. അമിതവണ്ണം ടൈപ്പ് 2 പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ സാധ്യതകള്‍ തുടങ്ങിയ നിരവധി ജീവിതശൈലീ രോഗങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നു.
സ്ഥിരമായി യോഗ ചെയ്യുന്ന കുട്ടികള്‍ക്ക് ശാരീരിക വഴക്കം ലഭിക്കുക മാത്രമല്ല, അസ്വസ്ഥമായ മനസ്സിനെ മാറ്റി നിര്‍ത്തി ശാന്തത കൈവരിക്കാനും സാധിക്കുന്നു. മനസ്സിന്റെ അനാവശ്യ ചിന്തകളെയും ആകാംഷകളെയും നിയന്ത്രിച്ച് കുട്ടികളിലെ വൈകാരിക പ്രതികരണങ്ങളെ ശാന്തമാക്കാന്‍ യോഗ സഹായിക്കുന്നു. കൂടാതെ, അമിതമായ സ്‌ക്രീന്‍ ഉപയോഗം കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ (attention span) ബാധിക്കുന്നു. 2022-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സ്‌ക്രീന്‍ സമയം കൂടുന്നത് ശ്രദ്ധക്കുറവിന് കാരണമാകുന്നു. ഇത് ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കാനും, ഹോംവര്‍ക്ക് ചെയ്യാനും, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സജീവമായി ഇടപഴകാനും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഡിജിറ്റല്‍, ഐഐ (AI) യുഗത്തില്‍ കുട്ടികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച പരിഹാരമാണ് യോഗ.
കുട്ടികള്‍ എപ്പോഴാണ് യോഗ ആരംഭിക്കേണ്ടത്?
* 4 മുതല്‍ 5 വയസ്സ് വരെ - ഈ പ്രായത്തില്‍ കഠിനമായ നിയമങ്ങള്‍ക്ക് പകരം കളികളിലൂടെയും കഥകളിലൂടെയും കുട്ടികളെ യോഗ ചലനങ്ങള്‍ പഠിപ്പിക്കാം.
* 6 മുതല്‍ 12 വയസ്സ് വരെ - ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ആസനങ്ങള്‍ കൂടുതല്‍ സമയം ചെയ്യാനും ലളിതമായ ശ്വസനരീതികള്‍ പരിശീലിക്കാനും പരിശീലനം നല്‍കാം.
കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന 4 ലളിതമായ ആസനങ്ങളും അവയുടെ ഗുണങ്ങളും താഴെ പറയുന്നവയാണ്:
1. വൃക്ഷാസനം (Tree Pose)
ചെയ്യേണ്ട രീതി : ഒരു കാലില്‍ നിവര്‍ന്നു നില്‍ക്കുക. മറ്റേ കാല്‍ മടക്കി അതിന്റെ ഉള്ളംകാല്‍ നില്‍ക്കുന്ന കാലിന്റെ തുടയിലോ മുട്ടിന് താഴെയോ ഉറപ്പിച്ചു വെക്കുക. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ഒരു മരം പോലെ നില്‍ക്കുക.
ഗുണം : കുട്ടികളില്‍ ശരീരതുലനാവസ്ഥ (balance), ഏകാഗ്രത, ആത്മവിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കുന്നു. കാലുകള്‍ക്കും ശരീരത്തിനും കരുത്ത് നല്‍കുന്നു.
2. മാര്‍ജര്യാസനം (Cat-Cow Pose)
ചെയ്യേണ്ട രീതി : കൈകളും മുട്ടുകളും നിലത്തൂന്നി ഒരു മേശയുടെ ആകൃതിയില്‍ നില്‍ക്കുക. ശ്വാസത്തിനനുസരിച്ച് നടുവ് മുകളിലേക്കും താഴേക്കും വളയ്ക്കുക (പൂച്ച മലരുന്നതുപോലെ).
ഗുണം : നട്ടെല്ലിന് വഴക്കം നല്‍കുന്നു, ശരീരഭാവം (posture) മെച്ചപ്പെടുത്തുന്നു, ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു.
3. ബദ്ധകോണാസനം / ബട്ടര്‍ഫ്‌ലൈ പോസ് (Butterfly pose)
ചെയ്യേണ്ട രീതി : രണ്ട് ഉള്ളംകാലുകളും പരസ്പരം തൊട്ടിരിക്കത്തക്ക വണ്ണം ഇരുന്ന്, ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെ മുട്ടുകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക.
ഗുണം : ഇടുപ്പിനും കാലുകള്‍ക്കും നല്ലൊരു വ്യായാമമാണിത്. ശരീരത്തിന്റെ വഴക്കം കൂട്ടാനും നേരെയിരിക്കാനും സഹായിക്കുന്നു.
4. ബാലാസനം (Child's pose)
ചെയ്യേണ്ട രീതി : മുട്ടുകുത്തി ഇരുന്ന് മുന്നോട്ട് കുനിഞ്ഞ്, കൈകള്‍ മുന്നോട്ട് നീട്ടി തറയില്‍ വിശ്രമിക്കുക (ഒരു ചെറിയ പപ്പി കിടക്കുന്നതുപോലെ).
ഗുണം : ശരീരത്തിന് പൂര്‍ണ്ണ വിശ്രമം നല്‍കുന്നു, പുറംഭാഗത്തിന് നല്ലൊരു സ്‌ട്രെച്ചിങ് നല്‍കുന്നു, മനസ്സിന് ശാന്തതയും ഉന്മേഷവും നല്‍കുന്നു.






