
ധനുഷ് നായകനായ തമിഴ് ചിത്രം 'കര്ണന്' മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമാണ്. പ്രേക്ഷക മനസ്സില്‍ നീറുന്ന അനുഭവം പടര്‍ത്തിയ 'പരിയേറും പെരുമാള്‍' എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രത്തില്‍ മലയാളി താരങ്ങളായ ലാല്‍, രജിഷ വിജയന് തുടങ്ങിയവരും അഭിനയിച്ചിരുന്നു. കൂടാതെ യോഗി ബാബു, നടരാജ സുബ്രഹ്മണ്യം, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ഗൗരി ജി കിഷന് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായിരുന്നു.
ഇപ്പോഴിതാ സംവിധായകനും നടനുമായ ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പും ചിത്രവും ശ്രദ്ധ നേടിയിരിക്കുകയാണ്. 'ഡയറക്ടര്‍ മാരി സെല്‍വരാജില്‍ നിന്നും കര്‍ണനായി എനിക്ക് ലഭിച്ച ഓസ്കാര്‍ അവാര്‍ഡ്' എന്ന് കുറിച്ചുകൊണ്ടാണ് ലാല്‍ മാരി സെല്‍വരാജ് റോസാപ്പൂ മാലയണിയിച്ച് കവിളില്‍ ചുംബിക്കുന്ന ചിത്രം ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
വി ക്രിയേഷന്‍സ് എന്ന ബാനറില്‍ കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. യെമന്‍ രാജ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിരുന്നത്. തന്റെ ആദ്യ ചിത്രത്തിലേതിന് സമാനമായി നൂറ്റാണ്ടുകളായി തമിഴ് സാമൂഹിക പരിസരങ്ങളില്‍ ആഴത്തില്‍ വേരിറക്കിയ ജാതി വ്യവസ്ഥയേയും ദുരഭിമാനത്തേയുമൊക്കെയാണ് കര്‍ണനിലും മാരി സെല്‍വരാജ് അവതരിപ്പിച്ചിരുന്നത്. വില്ലന്‍ വേഷങ്ങളിലൂടേയും ഹാസ്യരസപ്രധാനമായ വേഷങ്ങളിലൂടെയുമാണ് മലയാളത്തില്‍ ലാല്‍ തിളങ്ങിയതെങ്കില്‍ കര്‍ണനില്‍ വേറിട്ടൊരു കഥാപാത്രമായിരുന്നു ലാലിന് ലഭിച്ചിരുന്നത്. ആ വേഷം ലാല്‍ അവിസ്മരണീയമാക്കുകയുണ്ടായി.






