
തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിയ സിനിമയാണ് മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’. സിനിമ കണ്ട് അഭിപ്രായം പറഞ്ഞ പലരുമുണ്ട്, എന്നാല്‍ ‘ലാലേട്ടന് ആറാടുകയാണ്’ എന്ന് അഭിപ്രായം പറഞ്ഞ വൈറല്‍ ആരാധകന് സന്തോഷ് വര്‍ക്കിയാണ് സമൂഹമാധ്യമങ്ങളില്‍ താരമായത്. ട്രോളുകളിലും മീമുകളിലും എല്ലാം സന്തോഷിന്റെ അഭിപ്രായമാണ് നിറഞ്ഞു നില്‍ക്കുന്നത്. സന്തോഷ് പറഞ്ഞ് ഹിറ്റാക്കി മാറ്റിയ ‘ആറാടുകയാണ്’ എന്ന പ്രയോഗം ഉപയോഗിച്ച് പുറത്തിറക്കിയ റീമിക്സ് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള ടോണി ടാര്‍സ് എന്ന മ്യൂസിക് കംപോസറാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെെറല്‍ ഡയലോഗ് റീമിക്സ് ചെയ്ത് ഗാന രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
അല്ലു അര്ജുന് ചിത്രം പുഷ്പയിലെ സാമി എന്ന ഗാനത്തിനൊപ്പമാണ് സന്തോഷ് വര്‍ക്കിയുടെ ആറാടുകയാണ് റീമിക്സ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സിലും വാട്സാപ്പ് സ്റ്റാറ്റസുകളിലുമായി ഗാനം ഇടം പിടിച്ചു കഴിഞ്ഞു.
മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍ പ്രശസ്ത ഗായകന് എഡ്.ഷീരന്റെ ഷേപ് ഓഫ് യു ഗാനത്തിനൊപ്പം മാഷ് അപ് ചെയ്ത് ടോണി നിര്‍മിച്ച വീഡിയോയും വൈറലായിരുന്നു.
മോഹന്‍ലാല്‍ ചിത്രം ആറാട്ട് കണ്ട ശേഷം അഭിപ്രായം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ആരാധകന് സന്തോഷ് വര്‍ക്കി അന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഭീഷ്മപര്‍വം കാണുമെന്നും, അഭിപ്രായം പറയുമെന്നായിരുന്നു അത്. എന്നാല്‍ ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തനിക്ക് ആദ്യ ഷോ കാണാന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നിരുന്നാലും സിനിമ കാണുമെന്നും അഭിപ്രായം പറയാമെന്നും സന്തോഷ് പറയുന്നു.






