
മൂന്നൂറ് വര്‍ഷം പഴക്കമുള്ള മമ്മിയെ കുറിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ പഠനം നടത്തുകയാണ്. 1736 നും 1741 നും ഇടയില്‍ ജാപ്പനീസ് ദ്വീപായ ഷിക്കോകുവിന് സമീപമുള്ള പസഫിക് സമുദ്രത്തില്‍ നിന്നാണ് 12 ഇഞ്ച് വലിപ്പമുള്ള ഒരു നിഗൂഢ ജീവിയെ പിടികൂടിയത്. പസഫിക് സമുദ്രത്തിലെ മത്സ്യബന്ധന വലയില്‍ കുടുങ്ങിയാണ് ഈ മമ്മിയെ കിട്ടിയത്.
ആദ്യ കാഴ്ചയില്‍ ഇതിന് ഒരു മത്സ്യകന്യകയുടെ രൂപമുണ്ട്. എന്നാല്‍ ഇതിനു മനുഷ്യ ശരീരവുമായി സാമ്യമുണ്ടെന്നും പറയപ്പെടുന്നു. ഒരു കത്ത് സഹിതം പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണ് മമ്മി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ ഡ്രൈഡ് മെര്‍മെയ്ഡിനെ ആദ്യം ഒരു കുടുംബം സൂക്ഷിച്ചുവക്കുകയും പിന്നീട് അത് മറ്റൊരു കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇപ്പോള്‍ ഇത് അസാകുച്ചി നഗരത്തിലെ ഒരു ക്ഷേത്രത്തിലാണുള്ളത്.
കൂര്‍ത്ത പല്ലുകള്‍, നിലവിളിക്കുന്ന മുഖം, രണ്ട് കൈകള്‍, തലയിലും നെറ്റിയിലും മുടിയും ഇതിനുണ്ട്. ഇതിന്റെ മുകള്‍ ഭാഗം വിചിത്രമായ മനുഷ്യരൂപമാണ്. എന്നാല്‍ താഴത്തെ പകുതിയില്‍ മത്സ്യത്തിന്റെ രൂപമാണ്. താഴത്തെ പകുതിയില്‍ ചെതുമ്പലും വാല് പോലെ ചുരുണ്ട അറ്റവുമുണ്ട്. ഇതാണ് ശാസ്ത്ര ലോകത്തെ ആശയക്കുഴപ്പത്തിലാക്കിയിരിയ്ക്കുന്നത്.
ജാപ്പനീസുകാര്‍ക്ക് പ്രത്യേക വിശ്വാസങ്ങളാണ് ഇതു സംബന്ധിച്ചുള്ളത്. മത്സ്യകന്യകയുടെ മാംസം ഭക്ഷിച്ചാല്‍ മരിക്കില്ലെന്ന് ഇവര്‍ പറയുന്നു. ഇതിനുദാഹരണമായി ഒരു ജപ്പാന് സ്ത്രീയെയും ഇവര്‍ ചൂണ്ടികാണിക്കുന്നു. മത്സ്യകന്യകയുടെ മാംസം കഴിച്ച ഈ സ്ത്രീ 800 വര്‍ഷം ജീവിച്ചുവെന്നാണ് പഠനങ്ങള്‍ നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യരുടെ മുഖവും മത്സ്യങ്ങളുടെ വാലും ഉള്ളതിലെ നിഗൂഢത പുറത്തു കൊണ്ടുവരാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം.






