
റഷ്യന്‍ വോഡ്ക എന്ന പേരില്‍ ലോകമെങ്ങും വിറ്റു പോരുന്ന ലോകപ്രശസ്ത ബ്രാന്‍ഡിന്റെ പേര് മാറ്റി കമ്പനി. യുക്രൈനിനെതിരെ റഷ്യ നടത്തുന്ന സൈനിക നടപടിക്കെതിരായി ലോകമെങ്ങും പ്രതിഷേധം പുകയുന്നതിനിടെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാകുന്നു. റഷ്യയ്ക്ക് എതിരായ ഉപരോധവും ജനരോഷവും വോഡ്ക ബ്രാന്‍ഡുകളെ മോശമായി ബാധിച്ചിരുന്നു. ഇതോടെയാണ് പേര് മാറ്റുന്നത്.
സോവിയറ്റ് ഗൃഹാതുരത തുളുമ്പുന്ന ലോഗോയും ആകൃതിയും പാക്കേജിംഗുമായി പുറത്തിറങ്ങുന്ന സ്റ്റോലിച്നായ വോഡ്കയുടെ രൂപഭാവങ്ങള്‍ ഒറ്റയടിക്ക് മാറ്റാനാണ് കമ്പനിയുടെ ശ്രമം. സ്റ്റോലി എന്ന വിളിപ്പേരിലാവും ഇനി ഈ വോഡ്ക ബ്രാന്‍ഡ് അറിയപ്പെടുക. റഷ്യന്‍ വോഡ്ക എന്ന രീതിയില്‍ അമേരിക്കയിലടക്കം മാര്‍ക്കറ്റ് ചെയ്തിരുന്ന വോഡ്ക ഇനി റഷ്യന്‍ എന്ന പേരു പോലും ഉപയോഗിക്കില്ലെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റഷ്യന്‍ കോടീശ്വരനായ യൂറി ഷെഫ്ലറാണ് കമ്പനിയുടെ സ്ഥാപകന്‍. പുടിനെതിരായി വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് 2000 മുതല്‍ ഇദ്ദേഹം ലക്സംബര്‍ഗിലാണ് താമസിക്കുന്നത്. ഗോതമ്പില്‍ നിന്നും വാറ്റിയെടുക്കുന്ന സ്റ്റോലിച്നായ വോഡ്ക സോവിയറ്റ് യൂണിയന് കാലത്തെ ഏറ്റവും പ്രശസ്തമായ ബ്രാന്‍ഡായിരുന്നു. സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രശസ്തമായ വോഡ്ക ബ്രാന്‍ഡായിരുന്നു സ്റ്റോലിച്നായ. എക്കാലത്തും താന്‍ ഈ ബ്രാന്‍ഡിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഷെഫ്ലര്‍ എന്നാല്‍ ഇനി മുതല്‍ റഷ്യന്‍ എന്ന പേര് ഈ വോഡ്കയ്ക്ക് ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി.
റഷ്യയുമായി വര്‍ഷങ്ങളായി ഈ ബ്രാന്‍ഡിനു വലിയ ബന്ധമൊന്നുമില്ലെങ്കിലും റഷ്യന്‍ വോഡ്ക എന്നാണ് അമേരിക്കയിലടക്കം ആരാധകരുള്ള ഈ ബ്രാന്‍ഡ് അറിയപ്പെടുന്നത്. പുടിന് ഭരണകൂടം തന്റെ ബ്രാന്‍ഡ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് താന്‍ റഷ്യ വിടാന്‍ പ്രേരിതനായത് എന്ന് ഷെഫ്ലര്‍ പറയുന്നു. പുടിന്റെ പീഡനങ്ങള്‍ വ്യക്തിപരമായി അനുഭവിച്ച ഒരാളാണ് ഞാന്‍. അതിനാല്‍, യുക്രൈനിന് എതിരെയിപ്പോള് നടക്കുന്ന ആക്രമണത്തോട് ഒരു തരത്തിലും യോജിക്കാനാവില്ല. എല്ലാ അര്‍ത്ഥത്തിലും യുക്രൈന് പോരാട്ടത്തോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഷെഫ്ലര്‍ പറഞ്ഞു.




