ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും ര ഒരു സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. ഗോവയില്‍ ഇഞ്ചോടിഞ്ചു മത്സരമാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ നിയമസഭകളിലാണ് ബി.ജെ.പിക്ക് മുന്നേറ്റം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. ഗോവയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ 403 സീറ്റുകളില്‍ ലീഡ് വ്യക്തമായ 285 സീറ്റുകളില്‍ 180 ഇടത്താണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. സമാജ്വാദി പാര്‍ട്ടി 99 ഇടത്തും ബി.എസ്.പി ആറിടത്തും കോണ്‍ഗ്രസ് നാലിടത്തും ലീഡ് ചെയ്യുന്നു. അയോധ്യ, മഥുര, കാശി മണ്ഡലങ്ങളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം. ഒരു മുഖ്യമന്ത്രിയും തുടര്‍ച്ചയായി രണ്ടാം തവണ വിജയിക്കാത്ത ചരിത്രമുള്ള യു.പിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന യോഗി 1985നു ശേഷമുള്ള ചരിത്രം തിരുത്തുമെന്നാണ് സൂചന.
പടിഞ്ഞാറന്‍ യു.പിയില്‍ കാര്യമായ ക്ഷീണം ബി.ജെ.പിക്കുണ്ടായില്ല. കിഴക്കന്‍ യു.പിയില്‍ ശക്തമായ മുന്നേറ്റം പ്രകടിപ്പിക്കാനും കഴിഞ്ഞു.
പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പട്യാലയില്‍ പിന്നിലാണ്. എഎപി ഇവിടെ 51 സീറ്റുകളില്‍ മുന്നിലാണ്. 38 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ശിരോമണി അകാലിദള്‍ 20 സീറ്റിലും ബി.ജെ.പി സഖ്യം ഏഴ് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവത് മാന്‍ മുന്നിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പിന്നിലാണ്.
ഗോവയില്‍ 40ല്‍ 38 സീറ്റുകളില്‍ സൂചന പുറത്തുവരുമ്പോള്‍ ബി.ജെ.പി 17 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പ്രദേശിക കക്ഷികള്‍ 9 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. തൂക്കുസഭയിലേക്ക് പോകുമെന്ന സൂചനയാണ് ഗോവയില്‍ നിന്ന് വരുന്നത്. മൂന്നു മണിക്ക് കോണ്‍ഗ്രസ് ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ ലീഡ് പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ്-34, ബി.ജെ.പി-34 എന്ന നിലയിലാണ്.
മണിപ്പൂരില്‍ 60 സീറ്റുകളില്‍ 38 സീറ്റുകളിലെ ലീഡ് നില വ്യക്തമാകുമ്പോള്‍ ബി.ജെ.പി 14 സീറ്റുകളിലും ബി.ജെ.പിയും എന്‍പിപിയും 10 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു.






