
കാനഡയില്‍ നിന്നുള്ള 27 കാരിയായ നവോമി മക്റേയുടെ ഒരു മാസത്തെ വരുമാനം 750,000 പൗണ്ടാണ് അതായത് ഏഴര കോടി രൂപ. ആരുടെയും കണ്ണ് തള്ളിപ്പോകുന്ന ഈ വരുമാനം നവോമി നേടുന്നത് യൂ ട്യൂബ് വീഡിയോ നിര്‍മ്മാണത്തിലൂടെയാണ്. 80 ലക്ഷം വരിക്കാരാണ് നവോമിയുടെ HunniBee ASMR എന്ന യൂട്യൂബ് ചാനലിനുള്ളത്. നവോമി ഏത് തരത്തിലുള്ള വീഡിയോകളാണ് നിര്‍മ്മിക്കുന്നതെന്ന് അറിയുമ്പോഴാണ് കൂടുതല്‍ കൗതുകം തോന്നുന്നത്.
ആഹാരം കഴിയ്ക്കുന്ന വീഡിയോയാണ് നവോമി യൂ ട്യൂബില്‍ പങ്കുവെയ്ക്കുന്നത്. ഫിറ്റ്നസ് പരിശീലകയായിരുന്ന നവോമി ഇപ്പോള്‍ തന്റെ മുഴുവന്‍ സമയവും എ എസ് എം ആര് (ഓട്ടോണമസ് സെന്‍സറി മെറിഡിയന് റെസ്പോണ്‍സ്) വീഡിയോ സ്രഷ്ടാവാണ്. ഇത്തരം വീഡിയോകളുടെ പ്രത്യേകത അത് നമ്മുടെ തലച്ചോറില്‍ സുഖകരമായ ഒരു അവസ്ഥാവിശേഷം സൃഷ്ടിക്കും എന്നതാണ്. സെറിബ്രല്‍ രതിമൂര്‍ച്ഛ എന്നും ഇത് അറിയപ്പെടുന്നു. അത്തരം വീഡിയോകളില്‍ ആളുകള്‍ മന്ത്രിക്കുന്നത്, പെയിന്റിംഗ്, ബ്രഷ് സ്ക്രാച്ച്, ടാപ്പിംഗ്, കൈ ചലനങ്ങള്‍ തുടങ്ങിയ എല്ലാ ശബ്ദങ്ങളും കേള്‍ക്കാം. അത് തലച്ചോറില്‍ ഒരു ഇക്കിളി പോലുള്ള അനുഭവമുണ്ടാക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തിലുള്ള വീഡിയോകളാണ് നവോമി ചെയ്യുന്നത്.
16 വയസ്സുള്ളപ്പോഴാണ് എഎസ്എംആര്‍ വീഡിയോകള്‍ നവോമി ആദ്യമായി കാണുന്നത്. 'അതിലൊരു വീഡിയോവില്‍ ഒരു സ്ത്രീ എന്തോ മന്ത്രിക്കുന്നതിനിടയില്‍ ഒരു കണ്ണാടിയില്‍ തട്ടുകയായിരുന്നു. എന്റെ തലയുടെ മുകള്‍ഭാഗത്തും തോളുകളിലും ഇത് തീവ്രമായ പ്രകമ്പനമുണ്ടാക്കി,' - അവള് പറഞ്ഞു. അതിനുശേഷം, അവള് എഎസ്എംആര്‍ വീഡിയോകളുടെ ഫാനായി. 'ആളുകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ കാണും. കാരണം അത് എന്നെ റിലാക്സ് ചെയ്യാനും, ഉറങ്ങാനും സഹായിച്ചു,'' - അവള് പറഞ്ഞു.
പിന്നീട് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി, ഒഴിവുസമയങ്ങളില്‍ അതില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതില്‍ ഒരിക്കല്‍ ഭക്ഷ്യയോഗ്യമായ ഒരു ഡിഷ് സ്പോഞ്ച് ഉണ്ടാക്കി, കഴിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദശലക്ഷത്തിലധികം വ്യൂസ് അതിന് ലഭിച്ചു. ഇതോടെയാണ് ആഹാരം കഴിക്കുന്നത് ചിത്രീകരിക്കുന്ന വീഡിയോകള്‍ക്ക് വൈറലാകുന്നുവെന്ന് മനസിലായത്.
പിന്നീട്, ഭക്ഷ്യയോഗ്യമായ ഹെയര്‍ ബ്രഷുകള്‍, ഷാംപൂ ബോട്ടിലുകള്‍, ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയ സാധനങ്ങള്‍ കഴിക്കുന്ന വീഡിയോകള്‍ അവള് ചാനലില്‍ പങ്കുവെച്ചു. നവോമിയും ഭക്ഷണം കഴിക്കുന്ന വീഡിയോകളിലൂടെ വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഈ ശബ്ദങ്ങള്‍ ആളുകളുടെ ശരീരത്തില്‍ വ്യത്യസ്തമായ പ്രകമ്പനം സൃഷ്ടിക്കുന്നു. സുഖമായി ഉറങ്ങാനും ഇത് അവരെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ അവളെ സ്നേഹത്തോടെ ഹണീബീ എന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ തന്റെ ജോലിയെ തീര്‍ത്തും ഇഷ്ടപ്പെടുന്നുവെന്നും ഒന്നിന് വേണ്ടിയും അത് ഉപേക്ഷിക്കാന്‍ തനിക്ക് പറ്റില്ലെന്നുമാണ് നവോമി പറയുന്നത്.






