
നവ്യാ നായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരുത്തീ’. മാർച്ച് 18ന് ചിത്രം തീയേറ്ററുകളിലെത്തുന്ന വേളയിൽ പ്രേക്ഷകർക്ക് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ‘ഒരുത്തീ’ ടീം. പുരുഷന്മാര്ക്ക് മാത്രമാണ് ഈ ഓഫര്‍. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും. പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളോടൊപ്പമെത്തുന്ന പുരുഷന്മാര്ക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീം ഓഫർ ചെയ്യുന്നത്.
എസ്. സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്.
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്, ഹരി നാരായണന്, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.






