
കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്തകളില്‍ നിറയുന്ന ഒന്നാണ് റഷ്യയുടെ ഉക്രൈന് അധിനിവേശം. അതിന്റെ പേരില്‍ റഷ്യയെ വിമര്‍ശിച്ചും എതിര്‍ത്തും പ്രശസ്തരടക്കം പലരും രംഗത്തെത്തുന്നുണ്ട്. അവിടെ നിന്നുള്ള ഓരോ സാധാരണ മനുഷ്യന്റെ രക്ഷപെടലിന്റെയും പിടിച്ചു നില്ക്കാന് ശ്രമിക്കുന്നതിന്റെയുമൊക്കെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ദിനവും നിറയുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളായ കരിമ്പുലിയേയും കടുവയേയും ഉപേക്ഷിച്ച് ഉക്രൈയ്നില്‍ നിന്നും മടങ്ങി വരാന്‍ മടിച്ച യുവ ഡോക്ടര്‍ വാര്‍ത്തകളില്‍ ഇടം നേടിയതും ഇതിനോടൊപ്പമാണ്.
ഇപ്പോഴിതാ ഇന്ത്യക്കാരനായ ആ ഡോക്ടര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന് ചിരഞ്ജീവി. ഉക്രൈയ്നിലെ യുദ്ധാന്തരീക്ഷത്തില്‍ ജീവന് ഭീഷണിയുണ്ടായിട്ടും വളര്‍ത്ത് മൃഗങ്ങളെ ഓര്‍ത്ത് തിരികെ വരാത്ത ആന്ധ്രാസ്വദേശിയായ ഡോക്ടര്‍ ഗിരി കുമാര്‍ പട്ടേലിനാണ് ചിരഞ്ജീവി കത്തയച്ചിരിക്കുന്നത്.
മൃഗങ്ങളോടുള്ള കുമാറിന്റെ അനുകമ്പയും സ്നേഹവും ഏറെ പ്രശംസനീയമെന്നും ഇത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്നും ഡോക്ടര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ചിരജ്ഞീവി പറഞ്ഞിട്ടുണ്ട്. സന്ദേശത്തിന്റെ പകര്‍പ്പ് ട്വിറ്റിലൂടെയും ചിരഞ്ജീവി പങ്കുവെച്ചിരുന്നു. ചിരഞ്ജീവി ചിത്രം ‘ലങ്കേശ്വരുഡു’വില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോക്ടര്‍ കുമാര്‍ കരിമ്പുലിയേയും കടുവയേയും വീട്ടിലൊരുക്കിയ പ്രത്യേക കൂട്ടില്‍ പരിപാലിക്കാന്‍ തുടങ്ങിത്. കുമാറിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരക്ഷിതമായി ഇരിക്കാനും ചിരഞ്ജീവി നിര്‍ദ്ദേശിക്കുന്നുണ്ട്. യുദ്ധം വളരെ വേഗം അവസാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ചിരഞ്ജീവി പറയുന്നു.
#TeluguDoctor #UkraineWar #Jaguar #Panther #compassion #petlovers https://t.co/XqyUT6ebbN pic.twitter.com/balOzxRj26
— Chiranjeevi Konidela (@KChiruTweets) March 10, 2022
ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിയാണ് ഗിരികുമാര്‍ പട്ടേല്‍. ഉക്രൈയ്നിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ് ഇദ്ദേഹം. 15 വര്‍ഷം മുന്‍പാണ് കുമാര്‍ ഉക്രൈയ്നിലേക്ക് മെഡിസിന് പഠനത്തിനായി പോയത്. ഡോണ്‍ബാസ് മേഖലയിലെ ആറു നില വീടിന്റെ ബേസ്മെന്റില്‍ കരിമ്പുലിക്കും കടുവയ്ക്കും ഒപ്പമാണ് ഡോക്ടര്‍ ജീവിക്കുന്നത്. ഇവയേയും കൂട്ടിയല്ലാതെ ഇന്ത്യയിലേക്ക് ഇല്ലെന്നാണ് കുമാര്‍ പറയുന്നത്. ഉക്രൈയ്നില്‍ ഡോക്ടറായി ജോലി ആരംഭിച്ചപ്പോള്‍ ബംഗാള്‍ കടുവയേയോ ഏഷ്യാറ്റിക് സിംഹത്തേയോ വാങ്ങിക്കാന്‍ കുമാര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അധികാരികള്‍ അതിന് അനുമതി നിഷേധിച്ചു.
തുടര്‍ന്ന് അപൂര്‍വ്വ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ ഒരു കടുവയെ വാങ്ങിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കടുവയെ കൈവശം വയ്ക്കാനുള്ള ലൈസന്‍സും ഡോക്ടര്‍ നേടിയെടുത്തിട്ടുണ്ട്. തന്റെ കൈവശമുള്ള കടുവ ലോകത്തിലുള്ളതില്‍ തന്നെ ഏറ്റവും അപൂര്‍വ്വ ഇനമാണെന്നും 21 എണ്ണം മാത്രമേ ഇപ്പോള്‍ ജീവനോടെയുള്ളൂ, അതിലൊന്ന് തന്റെ കൈവശമുള്ളതാണെന്നും കുമാര്‍ പറയുന്നു.






