
അഭിനയത്തിലും മോഡലിങ്ങിലും മികവു തെളിയിച്ച സാധിക ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. അഭിനയം പോലെ തന്നെ താരം പ്രണയിക്കുന്ന മറ്റൊന്നുണ്ട്, യാത്രകൾ. കുട്ടിക്കാലം മുതൽ യാത്രകളെ നെഞ്ചിലേറ്റുന്ന സാധികയ്ക്ക് യാത്രകളോടുള്ള ഇഷ്ടത്തിന് ഇപ്പോഴും മാറ്റമൊന്നു ഉണ്ടായിട്ടില്ല. യാത്രകളോടുള്ള അമ്മയുടെ പ്രണയമാണ് എന്നെയും യാത്രകളിലേക്കു നയിച്ചതെന്നു മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സാധിക പറയുന്നുണ്ട്. കൂടാതെ യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന സാധികയ്ക്ക് ലോകം ചുറ്റിക്കാണണമെന്നാണ് ആഗ്രഹം.
വീണുകിട്ടുന്ന ഒഴിവ് ദിനങ്ങൾ സാധിക യാത്രയ്ക്കായി മാറ്റാറുണ്ട്. ഇപ്പോഴിതാ ചെല്ലാനത്ത് നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് സാധിക. ചെല്ലാനത്തെ അസ്തമയക്കാഴ്ച ആസ്വദിക്കുന്ന ചിത്രങ്ങളുമുണ്ട്.
കേരളത്തില്‍ വികസിച്ചുവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ചെല്ലാനം. എറണാകുളം ജില്ലയുടെ തെക്കൻ അതിർത്തിയായിരുന്നു ഈ പ്രദേശം. കേരളത്തിന്റെ ചരിത്രവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്. ഇന്നു ചെല്ലാനം ഗ്രാമത്തിന്റെ ഒരു പ്രധാന ഭാഗം പൊക്കാളി വയലുകളാണ്. പരമ്പരാഗത രീതിയനുസരിച്ച്, എല്ലാ വർഷവും ഏപ്രിലിൽ വരുന്ന വിഷു നാളിൽ നെൽക്കൃഷിക്കായി പാടങ്ങൾ ഒരുക്കാറുണ്ട്.






