
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലോഹം’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന മലയാള സിനിമ രംഗത്ത് കടന്നു വന്നത്. പിന്നീട് ‘C/O സൈറ ബാനു’ ,‘പുത്തന്‍ പണം’,‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ബി.ടെക്’ എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥന് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നിരഞ്ജനയ്ക്ക് ലഭിച്ചത്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് നിരഞ്ജന. നൃത്തവീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും റീല്സുകളുമൊക്കെ താരം ഇതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് അഭിനേത്രി കാജോളിനൊപ്പം നില്ക്കുന്ന നിരഞ്ജനയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ നേരിട്ട് കാണുക എന്നതെന്നും ആ സത്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നിരഞ്ജന പറയുന്നു. ‘‘തീർച്ചയായും ഒരു ദശലക്ഷത്തിലധികം തവണ ഈ ദിവസം ഞാന്‍ പുനരുജ്ജീവിപ്പിക്കും ... നന്ദി ദൈവമേ ഇത് കലാപരമായി പകർത്തി ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് നിരഞ്ജന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നിരഞ്ജനയുടെ മുഖത്ത് സന്തോഷവും അഭിമാനവുമൊക്കെ നിറഞ്ഞു നില്‍ക്കുന്നത് ഈ ചിത്രത്തിലൂടനീളം കാണാം. നിറഞ്ഞ ചിരിയോടെ നില്ക്കുന്ന ചിത്രങ്ങളും കാജോളിന്റെ മുഖത്തേക്ക് നോക്കിനില്ക്കുന്ന ചിത്രങ്ങളുമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധിയാളുകള്‍ ഈ മനോഹര ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. നടന് പ്രകാശ് രാജിന്റെ ഭാര്യ പോണി പ്രകാശ് ആണ് കജോളിനൊപ്പം നില്ക്കുന്ന നിരഞ്ജനയുടെ ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍.
കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഈ കണ്ടുമുട്ടല്‍. ‘സലാം വെങ്കി’ എന്നാണ് ചിത്രത്തിന്റെ പേര്. യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം ‘സുജാത’ എന്ന അമ്മയുടെ കഥയാണ് പറയുന്നത്.
കുറെ ദിവസങ്ങള്‍ക്കു മുമ്പാണ് രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയെന്ന സന്തോഷം കജോൾ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള, പ്രോജക്റ്റിന്റെ ചിത്രീകരണം ആരംഭിച്ചെന്ന് താരം കുറിച്ചു. രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഫോട്ടോകൾക്കൊപ്പം കജോൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് “ഇന്ന് നമ്മൾ പറയേണ്ട ഒരു കഥയുടെയും സഞ്ചരിക്കേണ്ട പാതയുടെയും ആഘോഷിക്കേണ്ട ജീവിതത്തിന്റെയും യാത്ര ആരംഭിക്കുന്നു. #SalaamVenky യുടെ ഈ അവിശ്വസനീയമായ യഥാർത്ഥ കഥ പങ്കിടാൻ ഇനി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല...’’ എന്നാണ്.






