
വാപ്പയുടെ മരണശേഷമാണ് നാലുമക്കളെയും കൂട്ടി ഉമ്മ തലയോലപ്പറമ്പില്‍ നിന്ന് കോട്ടയം സംക്രാന്തിയിലെത്തിയത്. കവലയ്ക്ക് തൊട്ടടുത്തുള്ള വാടകവീട്ടിലായി ഞങ്ങളുടെ താമസം. മൂത്ത ചേട്ടന് വാപ്പയുടെ വീട്ടിലായിരുന്നു.
തലയോലപ്പറമ്പില്‍ കയറ്റിറക്ക് തൊഴിലാളിയായിരുന്നു വാപ്പ. ആ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. വാപ്പയുടെ മരണത്തോടെ ഇനിയെന്തു ചെയ്യുമെന്ന അവസ്ഥയിലായി ഉമ്മ. എങ്കിലും ധൈര്യം കൈവിടാതെ, മക്കളെയും കൊണ്ട് അവര്‍ ജീവിച്ചുകാണിച്ചുകൊടുത്തു.
രാവിലെ മുതല്‍ അടുത്ത വീടുകളില്‍ ജോലിക്ക് പോകും. തിരിച്ചുവരുമ്പോള്‍ പലപ്പോഴും രാത്രിയായിട്ടുണ്ടാവും. അവിടെനിന്ന് കിട്ടുന്ന കാശ് കൊണ്ടാണ് വാടക കൊടുത്തിരുന്നത്. അന്ന് ഒരുനേരമേ ആഹാരമുള്ളൂ.
ഉമ്മ വന്നതിനുശേഷം അരിയിട്ട് കഞ്ഞിയുണ്ടാക്കും. അത് തിളച്ചുകഴിയുമ്പോഴേക്കും പത്തുമണിയാവും. ഉച്ചയ്ക്ക് സ്കൂളില്‍നിന്ന് കിട്ടുന്ന ഉപ്പുമാവായിരുന്നു ഞങ്ങള്‍ക്ക് ആകെയുള്ള ആശ്വാസം.
എട്ടുവര്‍ഷം വാടകവീട്ടില്‍ താമസിച്ചു. ഉമ്മയുടെ അറുപത് വയസ്സുള്ള ഉമ്മയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഇറച്ചിവെട്ടുകാരനായിരുന്നു വാടകവീടിന്റെ ഉടമസ്ഥന്. വര്‍ഷങ്ങളോളം താമസിച്ചതിനാല്‍ ആ വീട് ഞങ്ങള്‍ക്ക് സ്വന്തമാവുമോ എന്ന ഭയമുണ്ടായിരുന്നു, ഉടമസ്ഥന്.
അതുകൊണ്ടാവണം, മിക്ക ദിവസവും അയാള്‍ വീട്ടിലേക്ക് വരും. വീടൊഴിയാന്‍ നിര്‍ബന്ധിക്കും. വേറെ വീടുകള്‍ പലതും അന്വേഷിച്ചെങ്കിലും എവിടെയും കിട്ടിയില്ല. ഒഴിയുന്നില്ലെന്ന് വന്നപ്പോള്‍ അയാള്‍ ഞങ്ങളെ പലതരത്തിലും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കണികണ്ടത് ചത്ത പശുവിന്റെ ചോരവാര്‍ന്ന കാലുകളാണ്. ഞെട്ടിപ്പോയി.
ഇറച്ചിയെടുത്തശേഷം ബാക്കിവന്ന പാര്‍ട്സുകള്‍ അവിടെ കൊണ്ടുവന്ന് തൂക്കിയതാണ്. അയാളുടെ വീടായതിനാല്‍ എന്തും ചെയ്യാമല്ലോ. പിറ്റേ ദിവസം മുതല്‍ അതൊരു പതിവായി. പച്ച ഇറച്ചിയുടെ മണം വല്ലാതെ വീര്‍പ്പുമുട്ടിച്ചു. അടുത്ത ദിവസം കണ്ടപ്പോള്‍ ഞാന്‍ അയാളോട് കയര്‍ത്തു. ഇത് പറ്റില്ലെന്ന് പറഞ്ഞു.
''ഇതെന്റെ വീടാണ്. ഇഷ്ടമുള്ളത് ചെയ്യും. തനിക്കും ഉമ്മയ്ക്കും പറ്റില്ലെങ്കില്‍ ഒഴിഞ്ഞുപൊയ്ക്കോളൂ.''
അയാളുടെ ധാര്‍ഷ്ട്യത്തിന് മുമ്പില്‍ എനിക്ക് ഉത്തരംമുട്ടി. പിന്നീട് പല രീതിയിലും അയാള്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. മറ്റൊരു ഗതിയുമില്ലാത്തതിനാല്‍ എല്ലാം സഹിച്ചു.
ഒരു ദിവസം രാത്രി ഏഴുമണിക്ക്, കോരിച്ചൊരിയുന്ന മഴയത്താണ് ടോര്‍ച്ചടിച്ചുകൊണ്ട് അയാള്‍ വീട്ടിലേക്ക് കയറിവന്നത്. ചിമ്മിനിവിളക്കിന്റെ വെളിച്ചത്തില്‍ ആ മുഖം ഞാന്‍ കണ്ടു. അയാള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്.
''ഉമ്മയും മക്കളും ഇപ്പോള്‍ത്തന്നെ ഇവിടെ നിന്നിറങ്ങണം.''
അകത്ത് കഞ്ഞിക്കൊപ്പം കഴിക്കാനുള്ള കറിയുണ്ടാക്കുകയായിരുന്നു ഉമ്മ. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഉമ്മ പുറത്തുവന്നു.
''ഈ രാത്രി ഒന്നു കഴിഞ്ഞോട്ടെ. ഞങ്ങള്‍ എങ്ങോട്ടേക്കെങ്കിലും പൊയ്ക്കോളാം.''
ഉമ്മ താണുകേണപേക്ഷിച്ചു.
''ഇനിയൊന്നും കേള്‍ക്കേണ്ട. ഇപ്പോള്‍ത്തന്നെ ഇറങ്ങണം. അല്ലെങ്കില്‍ ഞാന്‍ പിടിച്ചിറക്കും.''
അയാളുടെ ശബ്ദത്തിന് ദൃഢത കൂടിവന്നു. പുറത്ത് ഇടിയും മിന്നലുമായി മഴ തകര്‍ത്തുപെയ്യുകയാണ്. ശക്തമായ കാറ്റും. അയാള്‍ ഭീഷണി ആവര്‍ത്തിച്ചപ്പോള്‍ ഉമ്മ ഞങ്ങള്‍ മക്കളെ അകത്തേക്കുവിളിച്ചു.
''അയാള്‍ പിടിച്ചിറക്കുന്നതിന് മുമ്പ് നമുക്കിറങ്ങാം.''
പറയുമ്പോള്‍ കരയുകയായിരുന്നു ഉമ്മ. ഒപ്പം ഞങ്ങളും കരഞ്ഞു. അകത്തുണ്ടായിരുന്ന വലിയൊരു പെട്ടിയെടുത്ത് ഉടുപ്പുകള്‍ അതിലേക്കിടാന്‍ നിര്‍ദ്ദേശിച്ചു. പാത്രങ്ങള്‍ മറ്റൊരു കവറിലാക്കി. അഞ്ചുമിനുട്ടുകൊണ്ട് ഞങ്ങള്‍ ആ മഴയത്തേക്കിറങ്ങി.
''ഉമ്മാ, നമ്മള് എങ്ങോട്ടാ ഈ പോകുന്നത്?''
ഞാന്‍ ചോദിച്ചു. ഉമ്മയ്ക്ക് ഉത്തരമില്ല. കാറ്റും മഴയും തകര്‍ക്കുന്ന ഇരുട്ടിലൂടെ ഉമ്മയും ഉമ്മയുടെ ഉമ്മയും ഞങ്ങള്‍ നാലുമക്കളും നടന്നു. അന്ന് രാത്രി അടുത്തുള്ള ഒരു ബന്ധുവീട്ടില്‍ അഭയം തേടി.
പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ സംക്രാന്തിക്കടുത്തുള്ള റെയില്‍വേ പുറമ്പോക്കില്‍ ഒരു ടെന്റുകെട്ടി. പിന്നീടുള്ള കാലം താമസം അവിടെയായി. ഒരു മഴ പെയ്താല്‍ വെള്ളം ടെന്റിനുള്ളിലേക്ക് ഇരച്ചുകയറും. അതുകൊണ്ടുതന്നെ നിലത്ത് കിടന്ന് ഉറങ്ങാന്‍ പറ്റില്ല.
മഴ നിലച്ചാല്‍ തുണിവിരിച്ച് കിടക്കും. എട്ടുവര്‍ഷമാണ് അങ്ങനെ കഴിഞ്ഞത്. പിന്നീട് വാപ്പയുടെ വിഹിതമായി കിട്ടിയ സ്ഥലം വിറ്റ് മറ്റൊരു സ്ഥലം വാങ്ങിച്ചു. വീടുവച്ചു. കാലമേറെക്കഴിഞ്ഞു. എല്ലാവരും നല്ല നിലയിലായി.
അന്ന് ഞങ്ങളെ പെരുമഴയിലേക്കിറക്കിയ ആള്‍ക്ക് പിന്നീടുള്ള ജീവിതം ദുരിതമായിരുന്നു. ദൈവം അങ്ങനെയാണ്. ഏത് ഇറക്കത്തിനും ഒരു കയറ്റമുണ്ടാവും. ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന് ദൈവം കയറ്റം തന്നിരിക്കുന്നു. എങ്കിലും ഓരോ പെരുമഴ വന്ന് മൂടുമ്പോഴും മനസ്സിലേക്കുവരും. ഇടിയും മഴയും നിറഞ്ഞ അന്നത്തെ രാത്രി.






