
സ്കാര്‍ബറോയില്‍ തീര്‍ത്ത ഭീമാകാരമായ മണല്‍ ഡ്രോയിംഗാണിപ്പോള് ശ്രദ്ധേയമാകുന്നത്. ലോകത്തെല്ലായിടത്തും മരങ്ങളും വന്യജീവികളുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വന്യജീവികളില്ലാതെയാവുന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്താനായി തീര്‍ത്ത ഭീമാകാരമായ മണല്‍ ഡ്രോയിംഗാണ് യുകെയില്‍ ചര്‍ച്ചയായത്.
സൗത്ത് ബേ ബീച്ചിലാണ് 164 അടി വരുന്ന ഈ ഭീമന് കലാസൃഷ്ടിയുണ്ടാക്കിയിരിക്കുന്നത്. യുകെയുടെയും അയര്‍ലന്‍ഡിന്റെയും ഭൂപടമാണ് സൃഷ്ടിച്ചത്. അതില്‍ ഒരു ഓക്ക് ഇല, നീര്‍ക്കോഴി, സാമന് മത്സ്യം, നീര്‍നായ എന്നിവയെ വ്യക്തമായി കാണാം. സാന്‍ഡ് ഇന്‍ യുവര്‍ ഐയിലെ കലാകാരന്മാര് സൃഷ്ടിച്ച ഈ ചിത്രം ശനിയാഴ്ചത്തെ ആഗോള ഇക്കോ ഇവന്റായ 'എര്‍ത്ത് അവറി'ന് മുന്നോടിയായാണ് നിര്‍മ്മിച്ചത്. മൃഗങ്ങളുടെയും പ്രകൃതിയുടെയും തകര്‍ച്ചയെ കാണിക്കുന്നതിനായിട്ടാണ് ഇത് വരച്ചുണ്ടാക്കിയത്. സാന്‍ഡ് ഇന്‍ യുവര്‍ ഐ, ആര്എസ്പിബി, യുകെ യൂത്ത് ഫോര്‍ നേച്ചര്‍ എന്നിവയുടെ സംയുക്ത പ്രോജക്റ്റായിരുന്നു ഈ ചിത്രം.
'ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പ്രായമാകുന്ന നേരമാവുമ്പോഴേക്കും ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളിലെ പല ഇനങ്ങളും എന്നേക്കുമായി ഇല്ലാതെയാവും.' - യുകെ യൂത്ത് ഫോര്‍ നേച്ചറില്‍ നിന്നുള്ള ടാലിയ ഗോള്‍ഡ്മാന്‍ പറഞ്ഞു. ഈ വര്‍ഷത്തെ യുഎന്‍ ജൈവവൈവിധ്യ സമ്മേളനത്തില്‍ സര്‍ക്കാരുകള്‍ക്ക് ആഗോളതലത്തില്‍ തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ഈ മണല്‍ചിത്രം എന്നും അവര്‍ പറയുന്നു. പിന്നീടുണ്ടായ വേലിയേറ്റത്തില്‍ ഇത് ഒഴുകിപ്പോയി.






