
വാഷിങ്ടൻ: യുദ്ധത്തിൽ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് അറിവില്ലെന്ന് യുഎസ്. യുക്രയ്നെതിരെയുള്ള പോരാട്ടത്തിൽ റഷ്യൻ സൈന്യം എത്ര മോശം അവസ്ഥയിലാണെന്ന് പുട്ടിനെ അറിയിക്കാൻ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കു ഭയമാണ്.
നിലവിൽ പുട്ടിനും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രാലയത്തിനുമിടയിൽ കടുത്ത പിരിമുറുക്കം നിലനിൽക്കുന്നതായും വൈറ്റ് ഹൗസ് പറയുന്നു.
യുഎസിന്റെ രഹസ്യന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തൽ. ‘യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ മോശം പോരാട്ടത്തെക്കുറിച്ചും ഉപരോധങ്ങൾ റഷ്യൻ സമ്പദ്ഘടനയിൽ ഉണ്ടാക്കിയ തകർച്ചയെക്കുറിച്ചും പുട്ടിനു തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ഉപദേശകർ നൽകിയിരിക്കുന്നത്.
അദ്ദേഹത്തോടു സത്യം പറയാൻ മുതിർന്ന ഉദ്യേഗസ്ഥർക്കു ഭയമാണ്’– വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ ഡയറക്ടർ കേറ്റ് ബെഡിങ്ഫീൽഡ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു.
പുട്ടിനു വളരെ കുറച്ചു സത്യസന്ധമായ വിവരങ്ങളേ തന്റെ ഉപദേശകർ നൽകുന്നുള്ളൂവെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ യുഎസ് രഹസ്യാന്വേഷ വിഭാഗത്തിന്റെ റിപ്പോർട്ടുകളെ ഉദ്ധരിച്ചു പറയുന്നത്.
‘സ്വേച്ഛാധിപത്യത്തിൽ അധികാര കേന്ദ്രത്തോടു സത്യം പറയുന്നവർ അല്ലെങ്കിൽ സത്യം പറയാൻ ധൈര്യമുള്ളവർ കാണില്ല. അതാണ് ഇപ്പോൾ റഷ്യയിൽ കാണാൻ സാധിക്കുന്നത്’ എന്നും ബ്ലിങ്കൻ പറഞ്ഞു.






