
രാജസ്താനിലെ കരൗലിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വര്‍ഗീയ കലാപത്തിനിടയില്‍ നടന്ന തീവെപ്പിനും ആക്രമത്തിനുമിടയില് പലരുടെയും ജീവന് നഷ്ടപ്പെടുന്നുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ചിലരെങ്കിലും രക്ഷപെടുന്നത്. അത്തരത്തില്‍ രക്ഷപെട്ട ഒരു കുട്ടിയുടെയും രക്ഷപെടുത്തിയ പോലീസ് കോണ്‍സ്റ്റബിളിന്റെയും ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓരോ സാധാരണക്കാരന്റെയും മനസില്‍ കാക്കിയോടുള്ള ആദരവ് വര്‍ധിപ്പിക്കുന്ന ഒരു ചിത്രമാണ് പുറത്തുവന്നത്.
രാജസ്താന്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ നേത്രേഷ് ശര്‍മ്മയാണ് ആളിപ്പടരുന്ന തീയിനിടയില് നിന്ന് ഒരു കുട്ടിയെ നെഞ്ചില്‍ ചേര്‍ത്ത് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നത്.
സംഘര്‍ഷത്തിനിടെ കലാപകാരികള്‍ നിരവധി കടകള്‍ക്ക് തീയിട്ടിരുന്നു. അതിനിടെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനിറങ്ങിയ രണ്ട് സ്ത്രീകള്‍ ജീവന് രക്ഷിക്കാനായി സമീപത്തെ വീട്ടില്‍ ഒളിച്ചിരുന്നു. കലാപകാരികള്‍ വീടിന് തീയിട്ടപ്പോള്‍ സ്ത്രീകളും ഒപ്പമുണ്ടായിരുന്ന കുട്ടിയും കരയാന്‍ തുടങ്ങി. കുട്ടികളുടെ ശബ്ദം കേട്ട് കോണ്‍സ്റ്റബിള്‍ നേത്രേഷ് വീടിനുള്ളിലേക്ക് ഓടി കുട്ടിയെ രക്ഷിച്ച ശേഷം പുറത്തേക്ക് ഓടി. സ്ത്രീകളും അദ്ദേഹത്തിന്റെ പിന്നാലെ ഓടി, മൂന്നു പേരും കഷ്ടിച്ച് രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് ശര്‍മ്മയുടെ വാക്കുകള്‍ ഇങ്ങനെ.‘‘ഹിന്ദു പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാണ് കരൗലില് കലാപം ആരംഭിച്ചത് ഘോഷയാത്രക്ക് വഴിയൊരുക്കുന്നതിനിടെ ആക്രമി സംഘം കല്ലെറിയുകയായിരുന്നു. ആക്രമികള്‍ വീടിനും സമീപത്തെ കടള്ക്കും തീയിട്ടതോടെ പൊലീസ് തീയണക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. ചുറ്റും തീയും പുകയും പടര്‍ന്നു. അതിനിടെ, വൈകുന്നേരം 6.30 ഓടെ, പൊലീസ് സംഘത്തോടൊപ്പം തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് കടകള്‍ക്കും തീപിടിച്ചു. കടയുടെ തൊട്ടടുത്തുള്ള ഒരു കെട്ടിടം കത്തിനശിച്ചു. വീട്ടില്‍ നിന്ന് രണ്ട് സ്ത്രീകളുടെയും ഒരു കുട്ടിയുടെയും നിലവിളി ഉയര്‍ന്നു. കുട്ടി ഉറക്കെ കരയുന്നുണ്ടായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ യുവതി നിലവിളിക്കുകയായിരുന്നു. ഈ ശബ്ദം കേട്ട് അന്വേഷിച്ചപ്പോള്‍ വീടിന് തീപിടിച്ചത് ഞാന്‍ കണ്ടു. അവിടെ ഓടി ചെന്ന് കുട്ടിയെ ഒരു തുണിയില്‍ പൊതിഞ്ഞു. സ്ത്രീകളോട് പറഞ്ഞു, ഞാന്‍ കുട്ടിയുമായി ഓടും, നിങ്ങളും എന്റെ പിന്നാലെ ഓടുക. ഞാന്‍ വേഗം കുഞ്ഞിനെ പിടിച്ച് തീപിടിച്ച് ഓടി. രണ്ടു സ്ത്രീകളും എന്റെ പിന്നാലെ ഓടി. മൂന്നുപേരും രക്ഷപ്പെട്ടു. എന്നിട്ട് ഞാന്‍ അവരെ വീട്ടില്‍ നിന്ന് കുറച്ച് അകലെ സുരക്ഷിതമായ സ്ഥലത്ത് ഇറക്കി. ഇതിന് സ്ത്രീകളും എന്നോട് നന്ദി പറഞ്ഞു.’’ ശര്‍മ അനുഭവം വിശദീകരിച്ചു.
സംഭവത്തിന് ശേഷം രണ്ട് സ്ത്രീകളുടെയും ഒരു കുട്ടിയുടെയും ജീവന് രക്ഷിക്കുന്ന കോണ്‍സ്റ്റബിള്‍ നേത്രേഷ് ശര്‍മയുടെ ഫോട്ടോ രാജസ്താന്‍ പൊലീസ് അവരുടെ ട്വിറ്ററിലൂടെ പങ്കുവച്ചു.
एक मां को साथ लिए, सीने से मासूम को चिपकाए दौड़ते खाकी के कदम।#RajasthanPolice के कांस्टेबल नेत्रेश शर्मा के जज्बे को सलाम।
करौली उपद्रव के बीच आमजन की सुरक्षा पुख्ता करने में जुटी पुलिस। @RajCMO @DIPRRajasthan @KarauliPolice pic.twitter.com/XtYcYWgZWs— Rajasthan Police (@PoliceRajasthan) April 3, 2022
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് തീയിലൂടെ ഓടുന്ന നേത്രേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് നരേഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയത്. എന്നാല്‍, താന്‍ തന്റെ കടമ മാത്രമാണ് നിര്‍വഹിച്ചതെന്ന് നേത്രേഷ് പ്രതികരിച്ചു.
തീയില്‍നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് കാണിച്ച ധീരതക്ക് ഗാലന്റ്രി അവാര്‍ഡ് നല്‍കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സ്വന്തം ജീവന് മറന്ന് നാല് പേരുടെ ജീവന് രക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രമോഷന് ഉള്‍പ്പെടെ നല്‍കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. കലാപത്തെ തുടര്‍ന്ന് കരൗളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.






