ആഗോളതലത്തില്‍ ആരാധകരുടെ ശ്രദ്ധ നേടിയെടുത്ത സീരീസുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സില്‍ സംപ്രേഷണം ചെയ്ത ദക്ഷിണ കൊറിയന്‍ വെബ് സീരീസ് 'സ്ക്വിഡ് ഗെയിം'. സീരിസിന്റെ അടുത്ത സീസണിനായി അക്ഷമരായി കാത്തിരിക്കുകയാണ് സ്ക്വിഡ് ഗെയിം ആരാധകര്‍. രണ്ടാം സീസണ് ഉടനുണ്ടാകും എന്നറിയിച്ചുകൊണ്ട് മുന്‍പ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ അടുത്ത സീസണ് 2024 അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
'സീസണ് രണ്ടിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തുകള്‍ പുരോഗമിക്കുകയാണ് എന്നും 2024 അവസാനത്തോടെ ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് സ്ക്വിഡ് ഗെയിമിന്റെ സംവിധായകനും രചയിതാവുമായ ഹ്വാങ് ഡോങ് ഹ്യുക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കാനസറീസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത ഹ്വാങ്ങിനോട് രണ്ടാം ഭാഗത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ തിരക്കഥയുടെ മൂന്ന് പേജുകള്‍ മാത്രമേ എഴുതിയിട്ടുള്ളൂവെന്നും ഉടന്‍ തീര്‍ക്കുമെന്നും അറിയിച്ചു.
ലീ ജംഗ്ജെ, പാര്‍ക്ക് ഹേസൂ, വി ഹാജൂണ്, ഹോയോണ്‍ ജംഗ്, ഒ യോങ്സു, ഹിയോ സുങ്തേ, അനുപം ത്രിപാഠി, കിം ജൂറിയോങ് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധന അഭിനേതാക്കള്‍. സ്ക്വിഡ് ഗെയിമിലെ അഭിനയത്തിന്, ടെലിവിഷന്‍ ഫിലിം വിഭാഗത്തിലെ മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഓ യോങ്സു വിന് ലഭിച്ചിരുന്നു. വളരെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഈ പരമ്പര ഒരേ സമയം ആകാംഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നാണ്.






