ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപമായ മെറ്റ ടിക് ടോക്കിനെ തരംതാഴ്ത്തുന്നതിനും തകര്‍ക്കുന്നതിനും വന്‍തോതില്‍ പ്രചാരണ പരിപാടികള്‍ക്ക് പണം ചിലവിട്ടതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട ചെയ്തത്. ടിക് ടോക്കും ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സും അമേരിക്കയിലെ കുട്ടികള്‍ക്കും സമൂഹത്തിനും ഭീഷണിയാണെന്ന വിധത്തിലുള്ള പ്രചാരണ പരിപാടികളാണ് മെറ്റ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
ടിക് ടോക്കിനെതിരായ പത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക, പ്രധാന മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് കത്തുകള്‍ എഴുതുക, ടിക് ടോക്കിനെതിരായ ഉള്ളടക്കങ്ങള്‍ക്ക് ഫെയ്സ്ബുക്കില്‍ പ്രചാരം നല്‍കുക, രാഷ്ട്രീയ റിപ്പോര്‍ട്ടര്‍മാരുടേയും പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് പിടിച്ചുപറ്റുക തുടങ്ങിയ ഉദ്ദേശങ്ങളോടെയായിരുന്നു മെറ്റായുടെ പ്രചാരണ പരിപാടികള്‍. മുഖ്യമായും ടാര്‍ഗറ്റഡ് വിക്ടറി എന്ന സ്ഥാപനമാണ് ഈ പ്രചാരണ പരിപാടികള്‍ക്ക് മെറ്റായെ സഹായിച്ചത്.
മെറ്റായ്ക്കെതിരെയുണ്ടായ സ്വകാര്യത, അവിശ്വാസ ആരോപണങ്ങള്‍ സംബന്ധിച്ച വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനും ടിക് ടോക്കിനെതിരായ ഉള്ളടക്കങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കള്‍ക്കിടയില്‍ പ്രചരിക്കുന്ന അപകടകരമായ ഓണ്‍ലൈന്‍ ചലഞ്ചുകള്‍ക്ക് ടിക് ടോക്കുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ആ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ചര്‍ച്ചകള്‍ സൃഷ്ടിക്കാനും ടാര്‍ഗറ്റഡ് വിക്ടറി ശ്രമിച്ചിരുന്നു. ഫെയ്സ്ബുക്കിലൂടെ ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് വലിയ പ്രചാരം നല്‍കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






