ന്യുഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കെ.വി തോമസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്. കോണ്‍ഗ്രസ് വഴി ലഭിക്കാവുന്ന എല്ലാ പദവികളും നേടിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഇപ്പോള്‍ കാണിക്കുന്നത് നന്ദികേടാണെന്നും ഉണ്ണിത്താന് പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷയെ ധിക്കരിച്ച് പോകുന്നയാള്‍ കോണ്‍ഗ്രസുകാരനല്ല. എന്താണ് കെ.വി. തോമസ് ഇനി ആഗ്രഹിക്കുന്നത് എന്ന് അറിയില്ല. കോണ്‍ഗ്രസ് തനിക്ക് എല്ലാ തന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ കുറെക്കാലമായി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സിപിഎമ്മിലുമാണ്. സിപിഎം ചതിക്കുഴിയില്‍ തോമസ് വീണു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ.വി. തോമസിന് ഇനി സ്ഥാനമില്ല. കെ.വി. തോമസ് പാര്‍ട്ടിയെ മുഴുവന്‍ അപഹാസ്യമാക്കി. കെ.വി. തോമസ് കോണ്‍ഗ്രസാണെന്ന് പറയുന്നതില്‍ നാണക്കേടാണ്. ഈ പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ട് ചാരപ്പണി നടത്തുന്നവര്‍ ഇനിയുമുണ്ടെങ്കില്‍ അവര്‍ പുറത്തുപോകണം. എങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംശുദ്ധമാകുമെന്നും ഉണ്ണിത്താന് വ്യക്തമാക്കി.






