
കൊച്ചി: സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസില്‍ വീണ ടി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഭര്‍ത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫീസിലെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാല്‍ വീണ സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിനായി അവര്‍ എത്തുകയായിരുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയ്ക്കും അവരുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനുമായി 2,78കോടി രൂപ ലഭിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വീണ ഇ.ഡി.യ്ക്ക് മുന്നിലെത്തുന്നത്.
ഐ.ടി സേവനങ്ങള്‍ നല്‍കിയതിനാണ് ഈ തുക കൈപ്പറ്റിയതെന്നാണ് വാദമെങ്കിലും, എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലിന് പ്രത്യേക സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നേരത്തെ കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50ാം വകുപ്പ് പ്രകാരമാണ് ഇ.ഡി മൊഴിയെടുക്കുന്നത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ വിവരങ്ങളും, മുന്‍പ് നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളും മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളെയും കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഷിബി എസ്. കര്‍ത്തയും ജയ കര്‍ത്തയും കഴിഞ്ഞ ദിവസം ഇ.ഡിക്ക് മുന്നില്‍ ഹാജരായി.






