
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റിലേറെ കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച വി.ഡി. സതീശന്‍ ഇന്നലെ മുതല്‍ 'വനവാസ'ത്തിലാണ്! ധനമന്ത്രിയുടെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയാണു സതീശന്‍. അടുത്ത 19 ന് അവതരിപ്പിക്കുന്ന ബജറ്റ് തയാറാക്കുന്നതിനാണ് അദ്ദേഹം ഇപ്പോള്‍ 'വനവാസം' സ്വീകരിച്ചിരിക്കുന്നത്.
എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ച മുഖ്യമന്ത്രിയുടെ ഓഫീസ്, 19 വരെ സന്ദര്‍ശകരെ നേരിട്ടു കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിസ്മയിപ്പിക്കുന്ന എന്തു കാര്യമാകും വി.ഡി. സതീശന്റെ ബജറ്റിലുണ്ടാകുക എന്ന് ഉറ്റുനോക്കുകയാണ് ധനകാര്യവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍.
കേരളം 69 വര്‍ഷത്തിനുശേഷം മറ്റൊരു ചരിത്രത്തിനു സാക്ഷ്യംവഹിക്കുകയാണ് എന്ന പ്രത്യേകതയും സതീശന്റെ ബജറ്റ് അവതരണത്തിനുണ്ട്. ഇതു പോലൊരു ജൂണിലായിരുന്നു ആറു പതിറ്റാണ്ട് മുമ്പ് ഒന്നാം ഇ.എം.എസ്. മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ സംസ്ഥാനത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. 1957 ജൂണ്‍ ഏഴിനായിരുന്നു അത്. ഇപ്പോള്‍ ഈ ജൂണ്‍ 19 നു സംസ്ഥാനത്തിന്റെ 79-ാം ബജറ്റ് വി.ഡി. സതീശന്‍ അവതരിപ്പിക്കുന്നു.
രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭയില്‍ പറവൂരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗവും ധനകാര്യ-നിയമ വകുപ്പു മന്ത്രിയുമായകെ.ടി. ജോര്‍ജിനുശേഷം വീണ്ടുമൊരു പറവൂരുകാരന്‍ ബജറ്റ് അവതരിപ്പിക്കുന്നു എന്നപ്രത്യേകതയും ഇത്തവണയുണ്ട്. 1972 ഫെബ്രുവരി 25നായിരുന്നു ജോര്‍ജ് തന്റെകന്നി ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് രണ്ടു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് സഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. അന്നത്തെ ധനമന്ത്രി കെ.എം. മാണി രാജിവച്ചതിനെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ധനവകുപ്പിന്റെ ചുമതല ഏറ്റെടുത്തിരുന്നു. തുടര്‍ന്നായിരുന്നു ബജറ്റ് അവതരണം.
കേരള സംസ്ഥാനം രൂപവത്കരിച്ചശേഷമുള്ള ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ആര്‍. ശങ്കറാണ് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിച്ച ആദ്യ വ്യക്തി. 1960 ലെ പട്ടം താണുപിള്ള മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ശങ്കര്‍. 1962സെപ്റ്റംബറില്‍ പട്ടം രാജിവച്ചു. തുടര്‍ന്ന് ശങ്കര്‍ മുഖ്യമന്ത്രിയായി. 1963- 64, 1964- 65 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റ് അവതരിപ്പിച്ചതു മുഖ്യമന്ത്രിയായ ശങ്കറായിരുന്നു.






