
ഫോബ്സ് മാഗസിന്റെ ഇക്കൊല്ലത്തെ ശതകോടീശ്വര പട്ടികയില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ് റോബിന് റിഹാന ഫെന്റി. ഏകദേശം 170 കോടി യു.എസ്. ഡോളറാണ് ഇപ്പോഴവരുടെ സമ്പാദ്യം. ജന്മരാജ്യമായ ബാര്‍ബഡോസില്‍ നിന്നുള്ള ആദ്യ ശതകോടീശ്വരിയെന്ന ഖ്യാതിയും ഇതോടെ റിഹാനയ്ക്ക് സ്വന്തമായിരിയ്ക്കുകയാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ചുറ്റുപാടില്‍ നിന്ന് സംഗീതത്തിലൂടെ വളര്‍ന്നു വന്ന് പിന്നീട് സംരംഭകത്വത്തിലും മികവു കാട്ടിയ വ്യക്തിത്വമാണ് റിഹാന.
ബാര്‍ബഡോസിലെ സെയ്ന്റ് മൈക്കിളില്‍ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളര്‍ന്നത്. ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്ന അവരെ അമേരിക്കന്‍ പ്രൊഡ്യൂസറായ ഇവാന് റോഗേഴ്സാണ് സംഗീതമേഖലയില്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്. ഫെന്റി ബ്യൂട്ടി എന്ന പേരില്‍ കോസ്മെറ്റിക്സ് കമ്പനിയും സാവേജ് എക്സ് ഫെന്റ് എന്നപേരില്‍ നിശാവസ്ത്രങ്ങളുടെ കമ്പനിയും റിഹാന നടത്തുന്നുണ്ട്.
സംഗീതമേഖലയില്‍ ഗ്രാമി പുരസ്കാരങ്ങളടക്കം വലിയ അംഗീകാരങ്ങള്‍ റിഹാന സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ് റിഹാന. സംഗീത ജീവിതത്തിനിടയില്‍ 8 ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും റിഹാനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






