
സാംന: ഖാലിസ്ഥാന്‍ ഭീകരന് മിന്റുവിന്റെ ജയില്‍ചാട്ടത്തിന് പിന്നാലെ സംശയാസ്പദമായി പോലീസ് ഒരു വാഹനത്തിന് നേരെ നടത്തിയ വെടിവെയ്പ്പില്‍ 24 കാരി മരിച്ചു. നാഭാ സെന്‍ട്രല്‍ ജയിലില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി ഒരു പോലീസ് പിക്കറ്റിനരികില് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ വരികയും വേഗത്തില്‍ കടന്നുപോകുകയും ചെയ്തപ്പോഴാണ് പോലീസ് വെടിവെച്ചത്. സംഭവത്തില്‍ വെടിയുതിര്‍ത്ത പോലീസുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.
ഒരു നൃത്തസംഘത്തിലെ പ്രധാനിയായിരുന്ന നേഹാ ശര്‍മ്മ എന്ന പെണ്‍കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. ട്രൂപ്പിലെ മറ്റ് നാലു പേര്‍ക്കൊപ്പം പാട്യാലയിലെ ഒരു വീട്ടില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുമ്പോഴായിരുന്നു വെടിവെയ്പ്പ്. നെഞ്ചില്‍ വെടിയേറ്റതിനെ തുടര്‍ന്ന സംഭവ സ്ഥലത്തു വെച്ച് തന്നെ നേഹ മരണത്തിന് കീഴടങ്ങി. പിതാവ് 15 വര്‍ഷം മരണമടഞ്ഞതിനെ തുടര്‍ന്ന് മാതാവും രണ്ട് സഹോദരന്മാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഈ യുവതിയായിരുന്നു. അടുത്ത വര്‍ഷം വിവാഹം കഴിക്കാനിരിക്കെയാണ് നേഹയെ മരണം വന്ന് കൊണ്ടുപോയത്.
സംഭവത്തില്‍ വെടിവെയ്പ്പ് നടത്തിയ കോണ്‍സ്റ്റബിള്‍ ഷംഷര്‍ സിംഗ് ഷേരയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. ധര്മ്മേരി ഗ്രാമത്തിന് സമീപം രണ്ടു ചെക്ക് പോയിന്റുകളിലൂടെ ഡ്രൈവര്‍ വേഗത്തില്‍ വാഹനം ഓടിച്ചു പോയതിനെ തുടര്‍ന്നായിരുന്നു വെടി വെയ്ക്കേണ്ടി വന്നത്. കടുത്ത മുന്നറിയിപ്പ് അവഗണിച്ച് ഓടിയ വാഹനത്തിന് നേരെ വെടിവെയ്ക്കുകയല്ലാതെ മാര്ഗ്ഗമില്ലായിരുന്നെന്നാണ് പോലീസ് പറയുന്നത്. അതേസമയം വെടി വെയ്ക്കരുതെന്ന അപേക്ഷ അവഗണിച്ചാണ് പോലീസ് വെടി വെച്ചതെന്ന് സംഭവത്തില്‍ പരിക്കേറ്റ യുവാവിന്റെ ഭാര്യ പറഞ്ഞു.
വെടിവെച്ച ശേഷം മുങ്ങാന്‍ തുടങ്ങിയ പോലീസുകാരനെ നാട്ടുകാര്‍ തടയുകയും കയ്യോടെ പിടികൂടുകയും ചെയ്തതായും ഈ യുവതി പറഞ്ഞത്. തടവുചാടിയ ഹര്‍മീന്ദര്‍ സിംഗിനെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം പുരസ്ക്കാരം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്ന് പുലര്‍ച്ചെ ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ നിന്നും ഹര്മീന്ദറിനെ പോലീസ് പിടികുടുകയൂം ചെയ്തു.






