
താരവിവാഹങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡിലാണെങ്കില്‍ അതും പിന്നെ പറയുകയും വേണ്ട. വധുവിന്റേയും വരന്റേയും വസ്ത്രം മുതല്‍ തുടങ്ങും കഥകളും വിശേഷങ്ങളും. ബോളിവുഡില്‍ ഒരു പുതിയ വിവാഹം നടക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും നടന് സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയുമാണ് വധൂവരന്മാര്.
ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് കരുതുന്നത്. രാഹുലും ആതിയയും ഏറെ നാളായി പ്രണയത്തിലാണ്. ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഇരുവരും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്. ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും ആതിയയും പങ്കെടുത്തിരുന്നു.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ദക്ഷിണേന്ത്യന്‍ ശൈലിയിലായിരിക്കും വിവാഹം. മംഗലാപുരത്തിനടുത്ത മുല്കിയാണ് സുനില്‍ ഷെട്ടിയുടെ ജന്മനാട്. കെ.എല്‍. രാഹുലിന്റെ സ്വദേശവും മംഗലാപുരമാണ്. ആതിയയുടെ സഹോദരന് അഹാന് ഷെട്ടി നായകനായ തഡപ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ വേളയിലാണ് രാഹുലും ആതിയയും ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. രാഹുലിന്റെ ചില മത്സരങ്ങള്‍ക്കും അവര്‍ സാന്നിധ്യമറിയിക്കാറുണ്ട്.






