
കൊച്ചി: ബലാത്സംഗം ചെയ്തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍ കൂര് ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം ചോദിച്ചപ്പോള്‍ ഓഡിഷനില്‍ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
'പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാനുമായി ബന്ധം തുടരാന്‍ പരാതിക്കാരി നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. സിനിമാ മേഖലയില്‍ കൂടുതല്‍ അവസരം നേടുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ മനസിലാക്കുന്നു,' വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.'വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലുമായി പരാതിക്കാരി അവരുടെ മൊബൈല്‍ നമ്പറില്‍ നിന്ന് അയച്ച എല്ലാ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സി മുന്‍പാകെ ഇത് ഹാജരാക്കാന്‍ തയ്യാറാണ്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം ഒരുക്കിത്തരണം. പരാതിക്കാരി പരാതിയില്‍ ആരോപിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. നിലവില്‍ എന്റെ പക്കലുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഈ വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് അവയുടെ കോപ്പി ഹൈക്കോടതി മുന്‍പാകേയും പ്രോസിക്യൂഷനും കൈമാറാന്‍ തയ്യാറാണ്.' ബലാത്കാരത്തിലൂടെ തന്നോട് ലൈംഗീക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന പരാതിയിലൂടെ പരാതിക്കാരി ശ്രമിക്കുന്നത് ബ്ലാക്ക് മെയില്‍ ചെയ്യാനാണെന്നും വിജയ് ബാബു ആരോപിച്ചു.






