ആറു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ ധീരതയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മാസി എന്നു പേരുള്ള ഈ കൊച്ചുമിടുക്കി രക്ഷിച്ചത് സ്വന്തം അച്ഛന്റെ ജീവനാണ്. ഈ ധീരതയുടെ കഥ അച്ഛന് കെയ്ല്‍ സെമറാവു ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. നേരത്തേയുള്ള അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കെയ്ല്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാകുകയായിരുന്നു. ആ അവസ്ഥ കൈകാര്യം ചെയ്ത മകള്‍ ടൗണ്‍ പോലീസ് ഡിപാര്ട്മെന്റില് വിളിച്ചു. ഡിപാര്‍ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജൂഡി സ്മിത്തിനോട് സംസാരിക്കുകയും ആവശ്യമായ സഹായം തേടുകയും ചെയ്തു. മാസിയുടെ ഈ ക്രിയാത്മകമായ ഇടപെടല്‍ അച്ഛന്റെ ജീവന് രക്ഷിച്ചു.
'ചൊവ്വാഴ്ച എന്റെ സൈനസിനേയും ശ്വാസകോശത്തേയും ബാധിച്ച ഒരു പ്രശ്നം കാരണം എന്റെ ബോധം നഷ്ടപ്പെട്ടു. . വീട്ടില്‍വെച്ചായിരുന്നു സംഭവം. ആ സമയത്ത് എന്റെ ആറു വയസ്സുള്ള മകള്‍ മാത്രമാണ് അടുത്തുണ്ടായിരുന്നത്. അവള് എന്റെ ഫോണ്‍ നാവിഗേറ്റ് ചെയ്യുകയും സഹായത്തിനായി അടിയന്തര നമ്പറുകളിലേക്ക് വിളിക്കുകയും ചെയ്തു. അവളാണ് എന്റെ ജീവന് രക്ഷിച്ചത്. ഇപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നെ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.
ഒരു കണ്ണിമവെട്ടില്‍ നിങ്ങളുടെ ജീവിതം എത്രമാത്രം മാറുമെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ കുട്ടികളെ അടിയന്തര സാഹചര്യങ്ങള്‍ പഠിപ്പിക്കുക, സ്കൂളില്‍ പഠിപ്പിക്കാത്ത ജീവിതത്തിലെ വെല്ലുവിളികള്‍ പഠിപ്പിക്കുക, ജാഗരൂകരായിരിക്കാന്‍ പഠിപ്പിക്കുക. ജീവിതം ചെറുതാണ്, പക്ഷേ എന്റെ മകള്‍ മാസി കാരണം എന്റെ ജീവിതം തിരിച്ചുകിട്ടി. എല്ലാവരോടും ഒരുപാട് സ്നേഹം.' കെയ്ല്‍ സെമറാവു പറയുന്നു.






