
മലയാള സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ് ചെയ്ത നാള് മുതല്‍ വാര്‍ത്തകളില്‍ നിറയുന്നൊരു ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ തുടങ്ങി വൻ താരനിരയാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ചിത്രം എത്തുന്നതെന്ന് ട്രെയിലര്‍ സൂചന നല്‍കിയിരുന്നു.
ഇപ്പോഴിതാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ വിഷു സ്പെഷ്യല്‍ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുൻതൂക്കം നല്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയില്‍ ശക്തമായ സ്ത്രീ സാന്നിധ്യമുള്ള ഒരു ചിത്രമായിരിക്കും ‘പേട്രിയറ്റ്’ എന്ന സൂചനയാണ് പുതിയ പോസ്റ്റർ നല്‍കുന്നത്. പുതിയ പോസ്റ്റര്‍ മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പേട്രിയറ്റ് മെയ് 1 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും.
പതിനെട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് സിനിമയെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കാനുള്ള പ്രധാന കാരണം. ചിത്രത്തിന്റെ ട്രെയിലർ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയിലൂടെയാണ് ട്രെയിലര്‍ ആരംഭിച്ചിരുന്നത്. മദ്രാസ് കഫേ, പത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം. മികച്ച സാങ്കേതിക മികവോടെ ഒരുങ്ങുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു സിനിമാ അനുഭവം തന്നെയാകും സിനിമയെന്നതാണ് ഓരോ അപ്ഡേറ്റും നല്കുന്ന സൂചന.






