
തമിഴ് നടന് അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ശാലിനി. എങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ശാലിനി. ആരാധകര്‍ ഇന്നും ആവേശത്തോടെ ശാലിനിയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശാലിനി ഇല്ലെങ്കിലും അനിയത്തി ശ്യാമിലി വളരെ ആക്ടീവായി തന്നെയുണ്ട്. ചേച്ചിക്കൊപ്പമുള്ള ചിത്രങ്ങള്‍ ശ്യാമിലി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്യാമിലി പങ്കുവയ്ക്കുന്ന ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.
ഇപ്പോഴിതാ ശാലിനിക്കൊപ്പമുള്ള പുതിയൊരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് ശ്യാമിലി. സ്റ്റൈലിഷ് ലുക്കിലുള്ള ശാലിനിയെയും ശ്യാമിലിയെയുമാണ് ചിത്രത്തില്‍ കാണുന്നത്. ‘‘ഗേള്‍സ് വില്‍ ബീ ഗേള്‍സ്’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ശ്യാമിലി ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഗൗണില്‍ തിളങ്ങി നില്ക്കുന്ന ശാലിനി യില്‍ യുവത്വം നിറഞ്ഞു നില്ക്കുന്നു. കൂടുതല്‍ ചെറുപ്പമായല്ലോ, ഇപ്പോഴും ആ പഴയ കോളജ് ഗേള്‍ തന്നെയാണല്ലോ ശാലിനി എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ കമന്റുകള്‍.
തമിഴകത്തിന്റെ പ്രിയപ്പെട്ട ജോഡികളാണ് അജിത്തും ശാലിനും. ഇവരുടെ ദാമ്പത്യബന്ധവും സ്നേഹവുമൊക്കെ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
അമര്‍ക്കളത്തിന്റെ സെറ്റില്‍ വച്ച് പ്രണയത്തിലായ അജിത്തും ശാലിനിയും 2000ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ ശാലിയോട് പ്രണയം തോന്നിയെന്നാണ് അജിത് മുന്‍പൊരിക്കല്‍ വെളിപ്പെടുത്തിയത്. ‘‘ഞങ്ങള്‍ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാന്‍ അവളുടെ കൈത്തണ്ട മുറിച്ചു. എന്നാല്‍ അവള് അഭിനയം തുടര്‍ന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. അവിടെ നിന്നാണ് അത് ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നു.’’
തന്റെ പ്രധാന പിന്തുണയും ഏറ്റവും മോശം വിമര്‍ശകയുമാണ് എന്നാണ് അജിത്ത് ശാലിനിയെ വിശേഷിപ്പിച്ചത്. ‘‘അവള് എന്റെ കടുത്ത വിമര്‍ശകയാണ്. ചില സമയങ്ങളില്‍, സുഹൃത്തുക്കള്‍ ഒരുതരം സിനിമ നല്ലതായിരുന്നുവെന്ന് പറഞ്ഞേക്കും. പക്ഷേ, ശാലിനിയുടെ കാര്യം അങ്ങനല്ല, അവള് എല്ലാം തുറന്നുപറയും. എല്ലാ കാര്യങ്ങളിലും അവളുടെ കാഴ്ചപ്പാടുകളില്‍ അവള് വളരെ സത്യസന്ധയാണ്. അവള് സ്ക്രിപ്റ്റുകളില്‍ ഇടപെടില്ല. പക്ഷേ, അവള് എന്റെ ഭാര്യയാണ്, എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു, അതിനാല്‍ ഞാന്‍ അവളുമായി ഒരുപാട് കാര്യങ്ങള്‍ പങ്കിടാറുണ്ട്.’’ ശാലിനിയെക്കുറിച്ച് അജിത്ത് പറയുന്നതിങ്ങനെ.






