
ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ കെജ്രിവാളിനെതിരെ ഭീഷണി മുഴക്കിയ കേസില്‍ ബി.ജെ.പി നേതാവ് തജിന്ദര്‍ പാല് സിംഗ് ബഗ്ഗയെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തു. ബഗ്ഗയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്. ബഗ്ഗയുമായി പഞ്ചാബിലേക്ക് പോയ പോലീസ് സംഘത്തെ ഹരിയാന പോലീസ് തടഞ്ഞു. ബഗ്ഗയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഡല്‍ഹി പോലീസും കേസെടുത്തു.
രാവിലെ 8.30 ഓടെയായിരുന്നു ബഗ്ഗയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 50 ഓളം പോലീസുകാര്‍ വീട്ടിലേക്ക് ഇരച്ചുകയറി അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ബി.ജെ.പി ഡല്‍ഹി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പറഞ്ഞു. അദ്ദേഹത്തിനെ തലപ്പാവ് ധരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപനപരമായി സംസാരിച്ചു, മതപരമായ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചു, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇതിനു പിന്നാലെ ബഗ്ഗയുടെ പിതാവ് ഡല്‍ഹി പോലീസിന് നല്കിയ തട്ടിക്കൊണ്ടുപോകല്‍ പരാതിയിലാണ് ഹരിയാന പോലീസിന്റെ ഇടപെടല്‍. അറസ്റ്റ് തടയാന്‍ താന്‍ ശ്രമിച്ചുവെന്നും രംഗം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച തന്നെ മറ്റൊരു മുറിയിലേക്ക് കയറ്റി പോലീസ് മുഖത്തിടിച്ചുവെന്നും പിതാവ് പരാതിയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഗ്ഗയ്ക്ക് പഞ്ചാബ് പോലീസ് അഞ്ചു തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അത് നിരസ്സിക്കുകയായിരുന്നു. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ബഗ്ഗയെ പഞ്ചാബിലേക്ക് കൊണ്ടുപോയത്.






