കേരള രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ചകളിലും വാര്‍ത്തകളിലും ഇടം നേടുന്ന ഒരു പ്രുഖ നേതാവിന്റെ അതേ പേരുള്ളതുകൊണ്ട് പൊല്ലാപ്പാലിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി ഡോ. കെ.വി തോമസ്. ആളുമാറി വരുന്ന ഫോണ്‍കോളുകളും, പേര് കേള്‍ക്കുമ്പോഴുള്ള പ്രതികരണങ്ങളും ഇന്നോ ഇന്നലയോ തുടങ്ങിയതല്ലെന്നാണ് ഡോ. കെ.വി തോമസ് പറയുന്നത്. നേതാവിന്റെ അതേ പേരുള്ളതിനാല്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഫെയ്സ്ബുക്കിലൂടെയാണ് ഡോ. കെ.വി തോമസ് പങ്കുവെച്ചിരിക്കുന്നത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മുന്‍ അധ്യാപകനാണ് ഡോ.കെവി തോമസ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
അവന് ഞാനല്ല.
ഇതിപ്പോള്‍ പലവട്ടമായി. ആളുകള്‍ ഫോണിലൂടെ എന്നെ ചീത്തവിളിക്കുന്നു. വളരെ ഭവ്യതയോടെയാണു മിക്കപ്പോഴും സംഭാഷണം ആരംഭിക്കുന്നത്. മെല്ലെ ടോണ്‍ മാറുന്നു. 'സാര്‍ ഇത്ര നാളും കോണ്‍ഗ്രസ്സില്‍ നിന്നു നേടാനുള്ളതൊക്കെ നേടിയിട്ട് ഇപ്പോള്‍ ഈ കാണിക്കുന്നതു ശരിയാണോ' എന്നതാണ് ഏറ്റവും സൗമ്യമായ ചോദ്യങ്ങളിലൊന്ന്. എന്നാല്‍ ചിലരുടെ സംഭാഷണം വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാകയാല് ഇവിടെ ഉദ്ധാരണയോഗ്യമല്ല.
എന്റെ ഈ ഗതികേട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കാല് നൂറ്റാണ്ടു മുമ്പ് എറണാകുളത്തു ബാലചന്ദ്രന് ചുള്ളിക്കാട് സംഘടിപ്പിച്ച ഒരു മലയാള സമ്മേളനം കഴിഞ്ഞിറങ്ങിയ എനിക്കു നല്കാന് നിവേദനവുമായി ചിലര്‍ കാത്തു നിന്നതോര്‍ക്കുന്നു. സ്ഥലം എറണാകുളമായതു കൊണ്ട് അങ്ങനെ സംഭവിക്കാം എന്നു സമാധാനിക്കാം. ഈ പൊല്ലാപ്പ് ഒഴിവാക്കാനാണ് ഞാന്‍ പേരിനൊപ്പം എപ്പോഴും ഡോ. എന്ന പൂര്‍വസര്‍ഗം നിര്‍ബന്ധമായും ചേര്‍ക്കുന്നത്. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.
2018 ല്‍ ഞാനും കാരശ്ശേരി മാഷും ചില മലയാളി സംഘടനകളുടെ ക്ഷണപ്രകാരം ഓസ്ട്രേലിയയില്‍ ഒരു മാസം നീണ്ട ഒരു പര്യടനം നടത്തി. ആദ്യത്തെ യോഗം മെല്‍ബണിലായിരുന്നു. യോഗം പുരോഗമിക്കവേ സദസ്സിലിരുന്ന പലരും എന്നെ നോക്കി കുശു കുശുക്കുന്നതു പ്രസംഗ വേദിയിലിരുന്ന എനിക്കു കാണാമായിരുന്നു. ആകെ ഒരസ്വസ്ഥത.എനിക്കൊന്നും മനസ്സിലായില്ല. പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ ആ സങ്കടകരമായ കാര്യം പറഞ്ഞു.
'എന്തിനാണു കാശുമുടക്കി ഈ കോണ്‍ഗ്രസ്സുകാരനെ ഇങ്ങോട്ടു വിളിച്ചു കൊണ്ടുവന്നത്?' എന്നായിരുന്നത്രേ പലരും അമര്‍ഷത്തോടെ ചോദിച്ചത്. ഇടതുപക്ഷ സംഘടനകള്‍ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. . ' നിങ്ങള്‍ക്കാളു തെറ്റി 'എന്നു പ്രതിഷേധക്കാരെ ധരിപ്പിക്കാന്‍ സംഘാടകര്‍ ഒട്ടൊന്നുമല്ല പാടുപെട്ടത്.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കോഴിക്കോട്ടെ ഒരു കോണ്‍ഗ്രസ് നേതാവ് എന്നെ വിളിച്ചു. അദ്ദേഹം എന്റെ ചിരപുരാതന സുഹൃത്താണ്. അദ്ദേഹത്തിന്റെ നമ്പര്‍ എന്റെ ഫോണില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ പേരെടുത്തു പറഞ്ഞു കൊണ്ട് വിശേഷങ്ങള്‍ ആരാഞ്ഞു.
'സാര്‍ എന്റെ പേരു് ഓര്‍ത്തിരിക്കുന്നല്ലോ സന്തോഷം എന്നു പറഞ്ഞ് അദ്ദേഹം തന്റെയും ചില സുഹൃത്തുക്കളുടെയും കദന കഥ പറഞ്ഞു: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു നിരന്തരമായുണ്ടായിക്കൊണ്ടിരിക്കുന്ന അവഗണനയാണു കഥാസാരം. അതിനാല്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനു ഞങ്ങള്‍ കുറച്ചാളുകള്‍ സാറിനെ കാണാന്‍ വരുന്നു. സംഗതി ഇത്രത്തോളമെത്തിയപ്പോള് ഞാന്‍ പറഞ്ഞു: 'കാര്യം ഗൗരവമുള്ളതു തന്നെ. പക്ഷേ നിങ്ങള്‍ വിളിച്ചതു കോഴിക്കോട്ടുള്ള അതേ പേരുകാരനെയാണ്'. പിന്നെയുണ്ടായ പൂരം പറയാവതല്ല. (ഗുണപാഠം: ഫോണില്‍ പേരുകള്‍ വ്യക്തമായി സേവു ചെയ്യണം).
രണ്ട് പേര്‍ക്ക് ഒരേ പേരുണ്ടായിപ്പോയതാണ് മഹാഭാരതത്തിലെ സകല കുഴമാന്ത്രങ്ങള്‍ക്കും കാരണം. ചിത്രാംഗദന്‍ എന്ന ഗന്ധര്‍വ്വനും അതേ പേരുകാരനായ കൗരവ പൂര്‍വികനും തമ്മില്‍ പേരിനെച്ചൊല്ലിയുണ്ടായ കശപിശയ്ക്കൊടുവില്‍ ഗന്ധര്വന് കൗരവനെ അടിച്ചു കൊന്നു.
ദോഷം പറയരുതല്ലോ ഞാനും എന്റെ പേരുകാരനുമായി ശണ്ഠയൊന്നുമില്ല. എന്റെ ഒരു പുസ്തകം തൃശൂരു വച്ച് അദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്. കെ.വി.തോമസിന്റെ പുസ്തകം കെ.വി.തോമസ് പ്രകാശിപ്പിക്കുന്നതിലെ സാരസ്യത്തെപ്പറ്റി അന്നദ്ദേഹം സൂചിപ്പിച്ചിരുന്നു. എറണാകുളത്തു വച്ച് എനിക്ക് ഒരു അവാര്‍ഡും തന്നിട്ടുണ്ടദ്ദേഹം.
ഗൂഗിളില്‍ സര്‍ച്ച് ചെയ്യുന്നവരുടെ മുമ്പില്‍ ഞങ്ങളുടെ പേരുകള്‍ ഒന്നിച്ചാവിര്‍ഭവിക്കുന്നതുമൂലം ചില്ലറ പ്രശ്നങ്ങള്‍ ഇല്ലാതില്ല. പല മീറ്റിംഗുകളിലും 'കുമ്പളങ്ങിക്കഥകളു'ടെ പേരില്‍ സ്വാഗതപ്രസംഗകര്‍ എന്നെ മുച്ചൂടും അനുമോദിച്ചിട്ടുണ്ട്. എന്തു ചെയ്യാം?
എന്തായാലും ഇക്കഴിഞ്ഞ രണ്ടു മൂന്നുദിവസത്തെ അനുഭവം കൊണ്ട് വിനയത്തില്‍ പൊതിഞ്ഞ തെറി പറയാന്‍ കോണ്ഗ്രസ്സുകാര് പഠിച്ചു എന്ന് എനിക്കുറപ്പിച്ചു പറയാനാവും. ഭാഷ നന്നാവുന്നതു നല്ല കാര്യം തന്നെ. ഞാനിത്ര ചീത്തവിളി കേള്‍ക്കുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരിക്കും ഈശ്വരന്മാരേ !
എങ്ങനെയെങ്കിലും ഈ തൃക്കാക്കര തിരഞ്ഞെടുപ്പ് ഒന്നു വേഗം കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു.
എന്ന്
കോഴിക്കോട്ട് എരഞ്ഞിപ്പാലത്തു താമസിക്കും പാമ്പാടി കരോട്ട് വര്‍ഗ്ഗീസ് മകന്
ഡോ.കെ.വി.തോമസ്.






