
മുംബൈ: എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. നേരത്തെ നിശ്ചയിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് ലിസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ നെഗറ്റീവ് ലിസ്റ്റിംഗ് ആണ്.
ഓഹരിക്ക് ലിസ്റ്റിംഗ് വില 872 രൂപയാണ്. നേരത്തെ 949 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്‍എസ്ഇ നിഫ്റ്റിയില്‍ 8.11% ഇളവോടെയാണ് ലിസ്റ്റിംഗ്. ബിഎസ്ഇ സെന്‍സെക്സില്‍ 867.20 രൂപയ്ക്കാണ് ലിസ്റ്റിംഗ് നടന്നിരിക്കുന്നത്.
തുടക്കത്തില്‍ നെഗറ്റീവ് ലിസ്റ്റിംഗ് ആണെങ്കിലും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഭാവിയില്‍ ഉയര്‍ന്ന വില ലഭിക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതതിനു പിന്നാലെ എല്‍ഐസിയുടെ വിപണിവില ഉയര്‍ന്നു. 910 രൂപയായാണ് ഉയര്‍ന്നത്.
എല്‍ഐസിയുടെ ഓഹരി വില്‍പ്പനയിലൂടെ 20,577 കോടിയാണ് സര്‍ക്കാരിന് ലഭിച്ചത്. പോളിസി ഉടമകള്‍ക്കും റിട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ഓഹരി ഒന്ന് യഥാക്രമം 889 രൂപയ്ക്കും 904 രൂപയ്ക്കുമാണ് ലഭിച്ചത്.
അതേസമയം, സെന്‍സെക്സ് രാവിലെ 308 പോയിന്റ് ഉയര്‍ന്ന് 53,282ലെത്തി. നിഫ്റ്റി 15,900ലുമെത്തിയിരുന്നു.
അതിനിടെ, ഡോളറുമായുള്ള വിനിമയത്തില്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ച നേരിടുകയാണ്. ഡോളറിന് 77.73 രൂപ എന്ന നിലയിലെത്തി. വെള്ളിയാഴ്ച 77.45 രൂപ എന്ന നിലയ്ക്കാണ് വിനിമയം അവസാനിച്ചിരുന്നത്.






